കാസർകോട്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ബാറുകളും ബീവറേജസ് ഔട്ട്‍ലെറ്റുകളും അടച്ചിടണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ ജില്ലാ കലക്ടർക്ക് കത്ത് നൽകി. കൊറോണ വൈറസിനെതിരെ സംസ്ഥാനത്ത് വലിയ ജാഗ്രത ഉറപ്പുവരുത്തുമ്പോഴും ദിനേന നിരവധി ആളുകൾ വന്നുപോകുന്ന മദ്യശാലകൾ തുറന്നിടുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും. സർക്കാർ പൊതുപരിപാടികളെല്ലാം നിർത്തിവെച്ചു. സ്കൂളുകൾ, സിനിമാശാലകൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ആരാധനാലയങ്ങളിൽ പൊലും നിയന്ത്രണമേർപ്പെടുത്തി. എന്നിട്ടും മദ്യശാലകൾ അടച്ചിടാത്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നും എ.ജി.സി ബഷീർ കത്തിൽ പറഞ്ഞു.