ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതി പടര്‍ത്തി പടരുമ്പോള്‍ രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 98 പുതിയ കേസുകള്‍. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെയെണ്ണം 298 ആയി ഉയര്‍ന്നു. 100 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 36 മണിക്കൂറിനിടെയാണ്.കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച 50 പുതിയ കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത് ഇരട്ടിയായി മാറിയെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 298 കൊറോണ കേസുകളില്‍ 219 പേര്‍ ഇന്ത്യക്കാരും 39 പേര്‍ വിദേശികളുമാണ്.
രാജ്യത്ത് നിലവില്‍ കേരളം ഉള്‍പ്പടെ 22 സംസ്ഥാനങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്, 63 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ബാധിതരുടെ എണ്ണത്തില്‍ കേരളമാണ് രണ്ടാം സ്ഥാനത്ത്. 40 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശേഷം വരുന്നത് 26 പേരുള്ള ഡല്‍ഹിയും 24 പേരുള്ള യുപിയുമാണ്.
പുതുതായി കര്‍ണ്ണാടകത്തില്‍ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 18 ആയി ഉയര്‍ന്നു കഴിഞ്ഞു.
ഗുജറാത്തിലും ഇന്ന് ഒരു പുതിയ കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി. ഗുജറാത്തില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ചുപേരാണ് രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചത്. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതമാണ് മരണപ്പെട്ടത്. ഇവരില്‍ ഒരാള്‍ വിദേശിയായിരുന്നു.
അതേസമയം രാജ്യത്ത് 111 ലബോറട്ടറികള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇന്ത്യക്കാരും വിദേശികളുമടക്കം 1600 പേരാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നത്.