സർക്കാർ നിയന്ത്രണങ്ങൾക്ക് ചിലർ ഒരു വിലയും കൽപ്പിക്കുന്നില്ലെന്നു മുഖ്യമന്ത്രി

സർക്കാർ നിയന്ത്രണങ്ങൾക്ക് ചിലർ ഒരു വിലയും കൽപ്പിക്കുന്നില്ലെന്നു മുഖ്യമന്ത്രി



തിരുവനന്തപുരം :
സർക്കാർ നിയന്ത്രണങ്ങൾക്ക് ചിലർ ഒരു വിലയും കൽപ്പിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അവരോട് ഒരിക്കൽകൂടി സർക്കാർ അഭ്യർഥിക്കുന്നു. സർക്കാർ നിർദേശം പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും. നിർദേശം ലംഘിക്കുന്ന ആരാധനാലയങ്ങൾക്കെതിരെയും നടപടി സ്വീകരിക്കേണ്ടിവരും. സർക്കാർ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല.

നിരുത്തരവാദത്തിന്റെ വലിയ പ്രശ്നം നാം കാസർകോട് ജില്ലയിൽ അഭിമുഖീകരിക്കുകയാണ്. വിദേശത്തുനിന്ന് വന്ന കാസർകോട് സ്വദേശി പറയുന്നതിൽ ദുരൂഹത നിലനിൽക്കുന്നു. റൂട്ട് മാപ്പ് തയാറാക്കാൻ പൂർണ സഹകരണം ലഭിച്ചില്ല. ഇത്തരം ആളുകൾ സമൂഹത്തെയാണ് വഞ്ചിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ചിലർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. കർശന നടപടി നേരിടേണ്ടിവരുമെന്ന് അവരെ ഓർമിപ്പിക്കുന്നു.

സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഒരു വിഭാഗം ഉറക്കമിളച്ചിരിക്കുന്നു. എല്ലാവരും ചേര്‍ന്ന് ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ശ്രമിക്കുന്നു. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു കൂടി വേണ്ടിയാണ് ഈ സംവിധാനം. നാടിന്‍റെ നന്മയ്ക്കായി സര്‍ക്കാരിനു നിലപാട് കടുപ്പിക്കേണ്ടി വരും. പൊലീസ് സേനയിലെ എല്ലാ എസ്പിമാരെയും നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി.

നിരീക്ഷണത്തിലുള്ളവർക്ക് പ്രത്യേക ശ്രദ്ധവേണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ചില വീടുകളിൽ കൂടുതൽ ആളുകൾ ഉണ്ട്. അവിടെ നീരിക്ഷണത്തിൽ പാർപ്പിക്കാൻ കഴിയില്ല. അവർ പ്രത്യേക കേന്ദ്രങ്ങളിലേക്കു പോകണം. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനു പുറമേ മെഡിക്കൽ കോളജുകളിൽ കൂടുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ സാംപിൾ പരിശോധിക്കും. സ്വകാര്യ സ്ഥാപനങ്ങളെയും സഹകരിപ്പിക്കും. അവശ്യ സാധനങ്ങൾ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരടങ്ങിയ സമിതി രൂപീകരിച്ചു.

റാപിഡ് ടെസ്റ്റിന് ഐസിഎംആറിനോട് അനുമതി തേടും. ചരക്കു വണ്ടികൾ തടയില്ലെന്നു തമിഴ്നാട് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ബസുകളിലെ ദീർഘദൂരയാത്ര ഒഴിവാക്കണം. വിദേശത്തുനിന്ന് വരുന്നവർ വിമാനത്താവളങ്ങളിൽ പ്രത്യേക ഫോം പൂരിപ്പിച്ചു നൽകണം. നിർദേശങ്ങൾ ലംഘിച്ചാൽ നടപടി സ്വീകരിക്കും. വ്യാപാരികളുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. ആരും സാധനങ്ങൾ വാങ്ങിക്കൂട്ടരുത്. അതിന്റെ ആവശ്യമില്ല. ശാരീരിക അകലം പാലിക്കണം. അകലം പാലിച്ചില്ലെങ്കിൽ സർക്കാർ പരിശോധിക്കും. തിരക്കു കുറയ്ക്കാൻ മത്സ്യലേലം ഉണ്ടാകില്ല.