സന്നദ്ധ പ്രവര്‍ത്തനം ജന ജാഗ്രതാ സമിതിയിലൂടെ മാത്രം; അല്ലാത്തവരെ അറസ്റ്റ് ചെയ്യും; ജില്ലാ കളക്ടര്‍

സന്നദ്ധ പ്രവര്‍ത്തനം ജന ജാഗ്രതാ സമിതിയിലൂടെ മാത്രം; അല്ലാത്തവരെ അറസ്റ്റ് ചെയ്യും; ജില്ലാ കളക്ടര്‍


കാസർകോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന സന്നദ്ധ പ്രവര്‍ത്തനം ജന ജാഗ്രതാ സമിതികളുടെ കീഴില്‍ മാത്രമായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. വാര്‍ഡ്തലത്തിലുള്ള ഇത്തരം സമിതികളുടെ കീഴിലല്ലാതെ സ്വന്തമായി സന്നദ്ധപ്രവര്‍ത്തനവുമായി ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. കളക്ടറേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വാര്‍ഡിലും സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്. അവര്‍ക്ക് മത-ജാതി-രാഷ്ട്രീയ സംഘടനകളുടെ നിറമുണ്ടാകാന്‍ പാടില്ല. ആവശ്യമുള്ള സന്നദ്ധപ്രവര്‍ത്തകരെ ജന ജാഗ്രതാ സമിതി തീരുമാനിക്കും. വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ബൈക്കുള്ളവരെയും ആവശ്യമായി വരും. ഇവര്‍ക്കുള്ള പാസ് കളക്ടറേറ്റില്‍ നിന്നും ലഭ്യമാക്കും. ഇതല്ലാതെ അനധികൃതമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഡിഎംഒ ഡോ. എ വി രാംദാസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. മനോജ് സംബന്ധിച്ചു.