ന്യൂഡൽഹി∙ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച രാത്രി 12 മണി മുതൽ 21 ദിവസത്തേക്കു രാജ്യം മുഴുവൻ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സുപ്രധാനമായ ഒരു തീരുമാനമെടുക്കുകയാണ്. ഇന്നു രാത്രി 12 മണി മുതൽ രാജ്യം മുഴുവൻ അടച്ചിടുകയാണ്– പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും ഇതു ബാധകമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഏപ്രിൽ 14 വരെയാണ് അടച്ചിടൽ.
കോവിഡ് നേരിടാൻ 15,000 കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വീടുകളിൽനിന്ന് ആരും പുറത്തിറങ്ങരുത്. അശ്രദ്ധയ്ക്കു രാജ്യം ചിന്തിക്കാൻ കഴിയാത്തത്ര വലിയ വില നൽകേണ്ടിവരും. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങൾക്കു പോലും കൊറോണ വൈറസിന്റെ ആഘാതം നേരിടാന്‍ സാധിച്ചിട്ടില്ല. ജനങ്ങൾ രാജ്യത്ത് എവിടെയാണെങ്കിലും അവിടെ തന്നെ തുടരുക. 21 ദിവസം രാജ്യത്തിനു നിർണായകമാണ്. സർക്കാരിന്റെ നിർദേശങ്ങളെല്ലാം പരിപൂർണമായും പാലിക്കണം.
സമ്പൂർണ ലോക്ക് ഡൗണിലൂടെയാണ് മറ്റു രാജ്യങ്ങളിൽ വൈറസ് വ്യാപനം നിയന്ത്രിച്ചത്. വ്യാപനത്തിന്റെ വേഗത കൂടുന്തോറും പിടിച്ചുകെട്ടൽ അതികഠിനമാകും. കോവിഡിനോടു പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ ഓർക്കണം. ജീവൻ പണയം വച്ച് വിവരങ്ങൾ എത്തിക്കുന്ന മാധ്യമപ്രവർത്തകരെ ഓർക്കണം. സുരക്ഷാ ഉദ്യോഗസ്ഥർക്കു നന്ദി പറയണം. കോവിഡ് അഗ്നിപോലെ വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം.
ജനതാ കർഫ്യൂ വിജയിപ്പിച്ചതിനു ജനങ്ങൾക്കു നന്ദി പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനം ഒരുമിച്ചു നിന്നു. കൊറോണയെ തടയണമെങ്കിൽ അതു പടരുന്ന വഴികൾ തകർക്കുകയാണു ചെയ്യേണ്ടത്. സാമൂഹിക അകലം പാലിക്കുകയെന്നത് ഓരോ പൗരനും ബാധകമാണ്. കുടുംബങ്ങളിൽ എല്ലാവരും ഇതു പിന്തുടരണം. കൊറോണയെ നേരിടാൻ മറ്റു വഴികളില്ല. രോഗികൾ മാത്രമല്ല സാമൂഹിക അകലം പാലിക്കേണ്ടത്. പ്രധാനമന്ത്രി ഉൾപ്പെടെ എല്ലാവർക്കും ഇതു ബാധകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ: പൂർണ അടച്ചുപൂട്ടൽ
ജനങ്ങളുടെ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്ന അടിയന്തര പെരുമാറ്റച്ചട്ടമാണ് ലോക്ക്ഡൗൺ. എന്നാൽ അവശ്യസാധനങ്ങളുടെ വിതരണത്തെയും അവശ്യസേവന ലഭ്യതയെയും ഇതു ബാധിക്കില്ല. ആശുപത്രി, ബാങ്ക്, മാധ്യമങ്ങൾ, കുടിവെള്ളം തുടങ്ങിയ സേവനങ്ങൾക്കു നിയന്ത്രണമില്ല. സ്വകാര്യബസുകളടക്കമുള്ള പൊതുഗതാഗത സംവിധാനം ഉണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല, മതപരമായ ചടങ്ങുകൾക്കു വിലക്ക്, ഹോട്ടൽ, പാർക്ക്, സിനിമശാലകൾ തുടങ്ങിയവ അടഞ്ഞു കിടക്കും. അവശ്യവിഭാഗത്തിൽ പെടുന്നവരുടെ സ്വകാര്യ/കോൺട്രാക്ട് വാഹനങ്ങൾക്ക് പാസ് നൽകും.
നിയന്ത്രണങ്ങളോടെ ഓട്ടോ, ടാക്സി അനുവദിക്കും.