'അമിര്‍ഖാന്‍ പാവങ്ങള്‍ക്ക് നല്‍കിയ ആട്ടയില്‍ 15,000 രൂപ'; വ്യാജപ്രചരണത്തിന്റെ ഉറവിടം ടിക് ടോക് വീഡിയോ

'അമിര്‍ഖാന്‍ പാവങ്ങള്‍ക്ക് നല്‍കിയ ആട്ടയില്‍ 15,000 രൂപ'; വ്യാജപ്രചരണത്തിന്റെ ഉറവിടം ടിക് ടോക് വീഡിയോ


കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ ദുരിതത്തിലായവര്‍ക്ക് നടന്‍ ആമിര്‍ഖാന്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ 15,000 രൂപയുമുണ്ടായിരുന്നുവെന്നത് വ്യാജപ്രചരണം. ആട്ടയില്‍ ഒളിപ്പിച്ചനിലയില്‍ തുകയുണ്ടായിരുന്നുവെന്നായിരുന്നു പ്രചരണം. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.നടനെ വാഴ്ത്തിയായിരുന്നു പോസ്റ്റുകള്‍. എന്നാല്‍ പ്രചരണത്തില്‍ പറയുന്നതുപോലെ ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ടിക് ടോക് വീഡിയായാണ് വ്യാജ പ്രചരണത്തിന്റെ ഉറവിടമെന്നും ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.


സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

ആമിര്‍ ഖാനാണ് താരം

പാവപ്പെട്ടവര്‍ക്കായി തന്റെ വക ഒരോ കിലോ ആട്ട. കേട്ടവര്‍ കളിയാക്കി. ആമിര്‍ഖാന്‍ കളിയാക്കുകയാണോ. എന്തായാലും പറഞ്ഞ സമയത്ത് ആ ഒരു കിലോ ആട്ടയ്ക്കായി നാട്ടിലെ ഏറ്റവും പാവപ്പെട്ടവര്‍ എത്തി. വീട്ടിലെത്തി പാക്കറ്റ് തുറന്നവര്‍ ഞെട്ടി. പായ്ക്കറ്റിനുള്ളില്‍ 15,000 രൂപയുണ്ടായിരുന്നു. കിട്ടിയതാകട്ടെ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കും.


ഉറവിടം ടിക് ടോക് വീഡിയോ

സമാന്‍ എന്ന യുവാവിന്റെ ടിക് ടോക് വീഡിയോയില്‍ നിന്നാണ് ഇത്തരമൊരു പ്രചരണത്തിന്റെ ഉറവിടം. ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോ സഹിതം ഇയാള്‍ പറയുന്നതിങ്ങനെ.

ഒരാള്‍ രാത്രിയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം കഴിയുന്ന ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതമാണ് നല്‍കുകയെന്ന് അനൗണ്‍സ് ചെയ്തു. ആരാണ് രാത്രിയില്‍ ഒരു കിലോ ആട്ടയ്ക്കായി പോയി നില്‍ക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ പതിനയ്യായിരം രൂപ കണ്ടു. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു.

ഈ വീഡിയോയില്‍ ആരാണ് ഇത്തരത്തില്‍ ആട്ടയിലൊളിപ്പിച്ച് പണം നല്‍കിയതെന്ന് പരാമര്‍ശിക്കുന്നില്ല. ഈ വീഡിയോയിലെ പരാമര്‍ശങ്ങളാണ് ആമിര്‍ഖാന്‍ നടത്തിയ സേവനമെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.