സംസ്ഥാനത്ത് ഇനി മുതൽ ലൈസൻസില്ലാതെ പാമ്പു പിടിക്കാനാവില്ല. പാമ്പു പിടിത്തത്തിന് വനം വകുപ്പ് മാർഗരേഖ തയാറാക്കി. ലൈസൻസില്ലാതെ പാമ്പു പിടിച്ചാൽ 3 വർഷം തടവുശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് അശ്രദ്ധമായി പാമ്പു പിടിക്കുന്നവർക്ക് കടിയേൽക്കുന്നതും മരണം സംഭവിക്കുന്നതും വർധിക്കുന്നതാണ് ലൈസൻസ് ഏർപ്പെടുത്താൻ വനം വകുപ്പിനെ പ്രേരിപ്പിച്ചത്. പാമ്പു പിടിക്കാൻ താൽപര്യമുള്ളവർ വനം വകുപ്പിൽ ജില്ലാ അടിസ്ഥാനത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഇവർക്ക് ഒരാഴ്ച പരിശീലനം നൽകും. ഉപകരണങ്ങൾ കൊണ്ട് പാമ്പിനെ പിടിക്കുന്നതിലാണ് പ്രധാന പരിശീലനം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും സർട്ടിഫിക്കറ്റ് ഉള്ളവർക്കേ പാമ്പിനെ പിടിക്കാനാവൂ എന്ന് മുഖ്യ വനപാലകൻ സുരേന്ദ്രകുമാർ ട്വന്റി ഫോറിനോട് പറഞ്ഞു.
വനം വകുപ്പ് നിർദേശത്തെ വാവ സുരേഷ് സ്വാഗതം ചെയ്തു. അഞ്ചലിലെ ഉത്ര എന്ന യുവതിയെ കൊല്ലാൻ ഭർത്താവ് പാമ്പിനെ വാങ്ങിയതും ഉപയോഗിച്ചതുമായ സംഭവം കൂടി പാമ്പു പിടിത്തത്തിന് മാർഗരേഖ കൊണ്ടുവരാൻ വനം വകുപ്പിനെ പ്രേരിപ്പിച്ചു.