ബുധനാഴ്‌ച, സെപ്റ്റംബർ 23, 2020

കാസർകോട്: മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ജോലിയ്ക്ക് ഹാജരാകണമെന്നും  ഓഫീസുകളില്‍ ഹാജര്‍ നില പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍ .കൊറോണയോടൊപ്പം ജീവിക്കുക എന്നതാണ് നിലപാട്.സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രകാരം നൂറു ശതമാനം ഹാജര്‍ ഉറപ്പു വരുത്തണം. 


കോവിഡ് പ്രതിരോധത്തില്‍ പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥരേയും കളക്ടര്‍ അഭിനന്ദിച്ചു.ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍  കോവിഡ് 19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴു ദിവസത്തെ ക്വാറന്റീന് ശേഷം കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ പിന്നീട് ക്വാറന്റീന്‍ നിര്‍ബന്ധമല്ല . പരിശോധന നടത്താത്തവര്‍  ക്വാറന്റീന്‍ 14 ദിവസം തുടരണം.   സ്‌പെഷ്യാലിറ്റി സംവിധാനങ്ങളോടെ ടാറ്റാ കോവിഡ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ അനുബന്ധ സംവിധാനങ്ങളെ കുറിച്ച് പ്രൊപ്പോസല്‍ ഉടന്‍ സമര്‍പ്പിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യമായ ഉപകരണങ്ങള്‍  ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് അമിത ജോലിഭാരം വരാതെ ക്രമീകരിക്കുകയും ആവശ്യമായ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകളില്‍ നിയമനത്തിന് നടപടി സ്വീകരിക്കുകയും വേണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. 


സമ്പര്‍ക്ക രോഗവ്യാപനം തടയുന്നതിന് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് നൂതന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മാഷ് പദ്ധതിയുടെ ഭാഗമായ അധ്യാപകര്‍ക്ക് പൂര്‍ണ സഹകരണം നല്‍കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും നഗരസഭ സെക്രട്ടറിമാരോടും കളക്ടര്‍ നിര്‍ദ്ദേശിച്ചു. രോഗ വ്യാപനം രൂക്ഷമാവുകയും മരണസംഖ്യ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണത്തിലൂടെ സമ്പര്‍ക്കരോഗ വ്യാപനം നിയന്ത്രിക്കാന്‍ കഴിയണമെന്ന് കളക്ടര്‍ പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം മേഖലകളില്‍ ബോധവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കണമെന്ന് യോഗം തീരുമാനിച്ചു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ