കൗതുക കാഴ്ചയായി മാലിക് ദീനാര്‍ മഖാമിലെ നേര്‍ച്ച കുതിര

LATEST UPDATES

6/recent/ticker-posts

കൗതുക കാഴ്ചയായി മാലിക് ദീനാര്‍ മഖാമിലെ നേര്‍ച്ച കുതിര

കാസര്‍കോട്: ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിച്ചാല്‍ ആടിനെയും കോഴിയേയും നേര്‍ച്ച നേരുന്നത് ആരാധനായലങ്ങളില്‍ പതിവാണ്. അത് ഒരല്‍ഭുതമല്ല. എന്നാല്‍ നേര്‍ച്ചയായി കുതിരയെ നല്‍കിയാലോ? ഇന്ത്യയിലും വിദേശത്തും ഏറെ പ്രശസ്തിയാര്‍ജിച്ച കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ ദര്‍ഗയിലേക്കാണ് കഴിഞ്ഞ ദിവസം കര്‍ണാടക സ്വദേശി കുതിരയെ നേര്‍ച്ച നല്‍കിയത്. തുംകൂര്‍ സ്വദേശി മുഹമ്മദ് ഷംസീര്‍ ഉദ്ദിഷ്ട കാര്യം സാധിച്ചാല്‍ ഒരു കുതിരയെ നല്‍കാമെന്ന് നേര്‍ന്നിരുന്നു.


മാലിക് ദീനാര്‍ മഖാമിലേക്ക് സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ നേര്‍ച്ചയായി എത്താറുണ്ടെങ്കിലും കുതിരയെ നല്‍കുന്നത് ഇതാദ്യമാണ്. അതിനാല്‍ കൗതുകത്തോടെയാണ് വിശ്വാസികള്‍ ഇതിനെ കാണുന്നത്. പള്ളി വളപ്പില്‍ കെട്ടിയിട്ട ആണ്‍കുതിര പ്രാര്‍ത്ഥനയ്ക്കും ദര്‍ഗയില്‍ സിയാറത്തിനുമായി എത്തുന്ന വിശ്വാസികളില്‍ കുതിരകൗതുകം ജനിപ്പിക്കുകയാണ്. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് കുതിരയെ കാണാന്‍ എത്തുന്നത്. കുതിരയെ പരിപാലിക്കാനായി ഒരാളെയും പള്ളികമ്മിറ്റി നിയോഗിച്ചിച്ചിരിക്കുകയാണ്.



വെള്ളിയാഴ്ച്ച ജുമുഅ നിസ്‌ക്കാരത്തിന് ശേഷം കുതിരയെ ലേലം ചെയ്യുമെന്നാണ് അറിയുന്നത്. അതേസമയം കുതിരയെ പള്ളിക്കമ്മിറ്റിതന്നെ പരിപാലിച്ച് വളര്‍ത്തണമെന്ന ആവശ്യവും പലരും ഉന്നയിക്കുന്നുണ്ട്. കുതിരയെ ലേലത്തില്‍ വില്‍ക്കണമെങ്കില്‍ മുന്‍പായി വനം വകുപ്പിന്റെ നിര്‍ദേശം തേടേണ്ടിവരും. മാലിക് ദീനാര്‍ ദര്‍ഗ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമ്പത് മാസത്തോളം അടച്ചിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് തുറന്ന് കൊടുത്തത്.


ചരിത്രവും വിശ്വാസവും ഇഴചേര്‍ന്നുനില്‍ക്കുന്ന കാസര്‍കോട്ടെ മാലിക് ഇബ്‌നു ദീനാര്‍ മസ്ജിദ് ഉത്തരമലബാറിലെ അത്യുന്നതമായ മുസ്‌ലിം തീര്‍ഥാടനകേന്ദ്രമാണ്. 1420 വര്‍ഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ പള്ളിയുടെ വിശുദ്ധിതേടി നിരവധി വിശ്വാസികളാണ് ദിനംപ്രതി എത്തുന്നത്. വിദേശികളും ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ളവരാണ് ഏറെയും എത്തുന്നത്.

Post a Comment

0 Comments