വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക, പൊലീസുമായി ചേർന്നു മോട്ടർ വാഹനവകുപ്പിന്റെ പരിശോധന

LATEST UPDATES

6/recent/ticker-posts

വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക, പൊലീസുമായി ചേർന്നു മോട്ടർ വാഹനവകുപ്പിന്റെ പരിശോധന

കാസർകോട്: വാഹനങ്ങളുമായി ഇന്നു മുതൽ നിരത്തിലിറങ്ങുന്നവർ ശ്രദ്ധിക്കുക...മോട്ടർ ‍വാഹനവകുപ്പിന്റെ പിടി വീഴാൻ സാധ്യതയുണ്ട്..! ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്നുമുതൽ ഫെബ്രുവരി 17 വരെ റോഡുകളിൽ വാഹന പരിശോധന കർശനമാക്കാനാണു സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശം. പൊലീസുമായി ചേർന്നുള്ള സംയുക്ത ഓപറേഷനായിരിക്കും മോട്ടർ വാഹനവകുപ്പിന്റേത്.


ഇന്നു മുതൽ 30 വരെ അനധികൃത പാർക്കിങ്, ഫെബ്രുവരി 1 മുതൽ 6 വരെ ഹെൽമെറ്റ്–സീറ്റ് ബെൽറ്റ്, 10 മുതൽ 13 വരെ അമിത വേഗം(പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിൽ), 7 മുതൽ 17 വരെ മദ്യപിച്ച് വാഹനമോടിക്കൽ, സീബ്ര ക്രോസിങ്, സ്റ്റോപ് ലൈൻ ക്രോസിങ്, മീഡിയൻ ഓപ്പണിങ്ങിന്റെ വശങ്ങളിൽ പാർക്കിങ് എന്നിങ്ങനെയുള്ള നിയമ ലംഘനങ്ങൾക്കാണു പിഴ ചുമത്തുക. നോ പാർക്കിങ് ബോർഡ് വച്ച സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക നിർദേശമുണ്ട്. സിഗ്നലുകളിലെ റെഡ് ലൈറ്റ് ജംപിങ്ങുകാർക്കും ‘പണി’ കിട്ടും. ബസുകളിൽ ബസ് ബേകളിൽ നിർത്താത്ത ഡ്രൈവർമാരെയും ‘പൊക്കും’.


അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കും. ഇവർക്ക് ഒരു ദിവസം മുഴുവനും റോഡ് സുരക്ഷാ ക്ലാസ് എന്ന ‘ശിക്ഷ’ വേറെയുമുണ്ട്. മേഖലാ ഡപ്യുട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാരുടെ മേൽനോട്ടത്തിൽ അതതു ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർടിഒമാർ ജില്ലാ ആർടിഒമാരുമായി ചേർന്നാണു പ്രവർത്തനം ഏകോപിപ്പിക്കുക. ഫെബ്രുവരി 28നകം ഓരോ ജില്ലയിലും സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും ഗതാഗത കമ്മിഷണറുടെ നിർദേശമുണ്ട്.

Post a Comment

0 Comments