പികെ കുഞ്ഞാലികുട്ടി ലോക്സഭാംഗത്വം രാജിവെച്ചു; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാനെന്ന് പാര്‍ട്ടി

LATEST UPDATES

6/recent/ticker-posts

പികെ കുഞ്ഞാലികുട്ടി ലോക്സഭാംഗത്വം രാജിവെച്ചു; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാനെന്ന് പാര്‍ട്ടി

 

ന്യുഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു.


വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെയും കേരള സംസ്ഥാന കമ്മറ്റിയുടെയും തീരുമാന പ്രകാരമാണ് പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചത്. 


മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാൻ നിർദ്ദേശം നൽകിയത്.


തുടർന്നാണ് അദ്ദേഹം രാജി സമർപ്പിച്ചത്.


ലോക്സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നൽകിയത്. മുസ്ലിം ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീർ എം പി, പി വി അബ്ദുൾ വഹാബ് എം പി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവർക്കൊപ്പമെത്തിയാണ് വൈകുന്നേരം കുഞ്ഞാലികുട്ടി രാജി സമർപ്പിച്ചത്.


മലപ്പുറത്ത് കഴിഞ്ഞയിടെ ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിൽ ആയിരുന്നു കുഞ്ഞാലിക്കുട്ടി ലോക് സഭാംഗത്വം രാജി വെക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ആയിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകുക.

നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്സഭാ തെരഞ്ഞെടുപ്പും വരുന്ന രീതിയിലാവും കുഞ്ഞാലിക്കുട്ടിയുടെ രാജിയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് നേരത്തെ തന്നെ അറിയിച്ചിരുന്നു.


വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് എംഎൽഎയായ ശേഷം ആ സ്ഥാനം രാജിവെച്ചാണ് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ സംസ്ഥാനത്ത് നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ച് വിജയിച്ചത് കുഞ്ഞാലിക്കുട്ടിക്കായിരുന്നു.


സി പി എമ്മിന്റെ വി പി സാനുവിനോട് മത്സരിച്ച് 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷം തികയും മുൻപെയാണ് എം പി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത്.

Post a Comment

0 Comments