ഉദുമയിലെ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസിലെ പ്രതികളുടെ മൂന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി

LATEST UPDATES

6/recent/ticker-posts

ഉദുമയിലെ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസിലെ പ്രതികളുടെ മൂന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി

 

കാസര്‍കോട്: ഉദുമയിലെ ഭര്‍തൃമതിയെ പീഡിപ്പിച്ച കേസിലെ പ്രതികളുടെ മൂന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി. ഉദുമ ബേവൂരിയിലെ എം.എ മുഹമ്മദ് അഷ്റഫ് (32), ഉദുമ പടിഞ്ഞാര്‍ സ്വദേശി പി.എം അബ്ദുല്‍ റഹ്‌മാന്‍ (33), ഉദുമ കൊവ്വലിലെ കെ.വി മുനീര്‍ (35), ഉദുമ പടിഞ്ഞാറിലെ മുഹമ്മദ് ആസിഫ് (34) എന്നിവര്‍ക്ക് അനുവദിച്ചിരുന്ന മുന്‍കൂര്‍ ജാമ്യമാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് ഇവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ യുവതി നല്‍കിയ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കുകയും ജാമ്യാപേക്ഷ പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ജഡ്ജി ടി.കെ നിര്‍മല മുന്‍കൂര്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന വിധി പ്രസ്താവിച്ചത്. യുവതി പീഡനത്തിനിരയായ ദിവസങ്ങളില്‍ പ്രതികള്‍ വിദേശത്തായിരുന്നുവെന്നാണ് ഈ കേസ് ആദ്യം അന്വേഷിച്ച ബേക്കല്‍ സി.ഐ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയില്‍ നല്‍കിയ കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പീഡനത്തിനിരയായ തീയതികള്‍ യുവതി പറഞ്ഞിട്ടില്ലെന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ യുവതി നല്‍കിയ രഹസ്യമൊഴി പരിശോധിച്ചതോടെ ജഡ്ജി കണ്ടെത്തി. വളരെ ഗൗരവമുള്ള കേസായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ ഭീഷണിപ്പെടുത്തി തെളിവുകള്‍ നശിപ്പിക്കാനും കേസ് ദുര്‍ബലമാകാനും ഇടവരുത്തുമെന്ന് കോടതി നിരീക്ഷിച്ചു. ഈ കേസില്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വിവിധ കേസുകളിലായി 23 പ്രതികളാണുള്ളത്. ഭര്‍ത്താവ് വിദേശത്തായിരുന്ന സമയത്ത് മൂന്ന് മക്കളുടെ മാതാവായ യുവതിയെ പ്രതികള്‍ പല തവണകളായി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നരംഗങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് കേസ്.

Post a Comment

0 Comments