ലീഗ് സ്‌ഥാനാർഥി പട്ടിക നാളെ; അധിക സീറ്റ് തീരുമാനവും നാളെയറിയാം

LATEST UPDATES

6/recent/ticker-posts

ലീഗ് സ്‌ഥാനാർഥി പട്ടിക നാളെ; അധിക സീറ്റ് തീരുമാനവും നാളെയറിയാം

മലപ്പുറം: നിയമസഭ, മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവക്കുള്ള സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ഇന്നത്തെ യോഗത്തിൽ സീറ്റ് ചർച്ചകൾ നടന്നു. ലീഗിന് ലഭിക്കുന്ന അധിക സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായില്ലെന്നും ഇത് സംബന്ധിച്ച വിവരങ്ങൾ നാളെയെ വ്യക്‌തമാകൂ എന്നും മജീദ് മലപ്പുറം ലീഗ് ഹൗസിൽ പറഞ്ഞു.


ലീഗ് മൽസരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ഇപ്പോഴും ഒന്നിലധികം പേരുകളാണ് സ്‌ഥാനാർഥി പരിഗണനയിലുള്ളത്. ഇതിനൊപ്പം അധികമായി ആവശ്യപ്പെട്ട സീറ്റുകളിൽ പട്ടാമ്പി നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാടുമാണ് ലീഗ് സ്ഥാനാർഥി നിർണയം വൈകാൻ കാരണം. പട്ടാമ്പിക്ക് പകരം പാലക്കാട് ജില്ലയിലെ മറ്റൊരു സീറ്റും അംഗീകരിക്കില്ലെന്നാണ് മുസ്‌ലിം ലീഗിന്റെ‌ നിലപാട്.


അധിക സീറ്റിൽ സമവായമെന്ന നിലക്ക് പട്ടാമ്പിക്ക് പകരം കോഴിക്കോട് ജില്ലയിലെ ഒരു സീറ്റ് കൂടി ലീഗിന് നൽകാനാണ് സാധ്യത. കാസർഗോഡ് ജില്ലയിൽ രണ്ടു സീറ്റുകളിലും സ്‌ഥാനാർഥികൾ ഏകദേശ ധാരണയിൽ എത്തി. കണ്ണൂർ കൂത്തുപറമ്പ് സീറ്റിൽ പികെ അബ്‌ദുല്ല സ്‌ഥാനാർഥി ആയേക്കും.


അഴീക്കോട് മണ്ഡലത്തിൽ കെഎം ഷാജിയെ തന്നെ മൽസരിപ്പിക്കണം എന്നാണ് മണ്ഡലം കമ്മറ്റി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും കെഎം ഷാജിയെ പരിഗണിക്കുന്നുണ്ട്. അതേസമയം, വനിതാ സ്‌ഥാനാർഥിയെ മൽസരിപ്പിക്കുന്ന കാര്യത്തിൽ നേതൃതലത്തിൽ ധാരണ ആയതായും സൂചനയുണ്ട്.


കോഴിക്കോട് ജില്ലയിലെ എതെങ്കിലും സീറ്റുകളിലായിരിക്കും ലീഗിന്റെ വനിതാ സ്‌ഥാനാർഥി ഉണ്ടാകുക. സ്‌ഥാനാർഥികളായി യൂത്ത് ലീഗിൽ നിന്ന് അഞ്ചു പേരെ പരിഗണിക്കണം എന്ന് യൂത്ത് ലീഗ് നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.


Post a Comment

0 Comments