നിയമസഭാ തിരഞ്ഞെടുപ്പ്; 83 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം; ദേവികുളത്തെയും മഞ്ചേശ്വരത്തെയും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല

LATEST UPDATES

6/recent/ticker-posts

നിയമസഭാ തിരഞ്ഞെടുപ്പ്; 83 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം; ദേവികുളത്തെയും മഞ്ചേശ്വരത്തെയും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 2016ൽ 92 സീറ്റുകളിൽ മൽസരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മൽസരിക്കുന്നത്. പൊന്നാനിയിൽ ഉൾപ്പടെ എതിർപ്പുകൾ ഉയർന്ന സീറ്റുകളിൽ സ്‌ഥാനാർഥികളെ മാറ്റിയിട്ടില്ല. തുടർഭരണം ലക്ഷ്യമാക്കിയുള്ള മികച്ച സ്‌ഥാനാർഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.


പാർലമെന്ററി വേദികൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ ആളുകൾക്ക് അവസരം നൽകുന്നതിന് വേണ്ടിയാണ് മാനദണ്ഡങ്ങൾ നടപ്പാക്കിയത്, അല്ലാതെ ആരെയും ഒഴിവാക്കാനായല്ല, വിജയരാഘവൻ വിശദീകരിച്ചു. ചിലരെ ഒഴിവാക്കിയെന്നുള്ള പ്രചാരണം ജനങ്ങൾ നിരാകരിക്കുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.


മാനദണ്ഡങ്ങൾ പാലിച്ച് മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും ഉൾപ്പടെയുള്ളവരെ മാറ്റിനിർത്തിയാണ് സ്‌ഥാനാർഥി പട്ടിക. സംസ്‌ഥാന സെക്രട്ടറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെകെ ശൈലജ, ടിപി രാമകൃഷ്‌ണൻ, എംഎം മണി എന്നിവരടക്കം 8 പേർ മൽസരിക്കുന്നുണ്ട്. 11 വനിതകളാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുളളത്. 30 വയസിന് താഴെയുള്ള 4 പേരാണ് പട്ടികയിലുള്ളത്. ബിരുദധാരികളായ 42 പേരുണ്ട്. അതിൽ 22 പേർ അഭിഭാഷകരാണ്.


30നും 40നും ഇടയിൽ പ്രായമുള്ള 8 പേരും 41-50നും ഇടയിൽ പ്രായമുള്ള 13 പേരും 51-60നും ഇടയിൽ പ്രായമുള്ള 33 പേരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 60 വയസിന് മുകളിൽ പ്രായമുള്ള 24 പേരാണ് മൽസരരംഗത്തുളളത്. ദേവികുളത്തെയും മഞ്ചേശ്വരത്തെയും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.


Post a Comment

0 Comments