ബേക്കല്‍: കോട്ടിക്കുളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയുടെ പിന്നില്‍ പരിക്കുണ്ട്. ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലിചെയ്യുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കോട്ടിക്കുളം പള്ളിക്ക് മുന്‍ വശത്തെ കടവരാന്തയിലാണ് കര്‍ണാടക സ്വദേശിയെന്ന് സംശയിക്കുന്നയാളെ ഇന്ന് രാവിലെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ശരീരത്തില്‍ പലയിടത്തും മുറിവുണ്ട്.
ബേക്കല്‍ ഡി.വൈ.എസ്.പി കെ.എം ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ രണ്ടുപേര്‍ തര്‍ക്കിക്കുന്നതും വലിച്ചിഴച്ച് കൊണ്ടുപോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് നായ സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
0 Comments