ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായ മമ്മൂട്ടി ചിത്രം വണ്‍ ഇനി ഒ.ടി.ടി റിലീസിന്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്‍റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. ചിത്രം വരുന്ന ഏപ്രില്‍ 27ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. കടക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം.
ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള 'റൈറ്റ് ടു റീകോള്‍ ബില്‍' നിയമസഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി നേരിടുന്ന പ്രതിബന്ധങ്ങളാണ് സിനിമയുടെ പ്രമേയം. രണ്ട് മണിക്കൂര്‍ 29 മിനുട്ടാണ് ദൈര്‍ഘ്യം. ജോജു ജോര്‍ജ്, നിമിഷ സജയന്‍, മുരളി ഗോപി തുടങ്ങി വന്‍ താരനിര ചിത്രത്തിന്‍റെ ഭാഗമാണ്. മധു, അലന്‍സിയര്‍, ബിനു പപ്പു, രഞ്ജിത് ബാലകൃഷ്ണന്‍, ബാലചന്ദ്രമേനോന്‍, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.
0 Comments