വാട്സാപ്പിനും ഫെയ്സ്ബുക്കിനും നാളെ പൂട്ടുവീഴുമോ?

വാട്സാപ്പിനും ഫെയ്സ്ബുക്കിനും നാളെ പൂട്ടുവീഴുമോ?

 


ന്യൂഡൽഹി∙ ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻ‌സ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തുമോ എന്ന കാര്യത്തിൽ നിർണായക തീരുമാനം നാളെയുണ്ടായേക്കും. സമൂഹ മാധ്യമങ്ങൾക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അംഗീകരിക്കാത്ത സാഹചര്യത്തിലാണു നിരോധനം നേരിടുമോയെന്ന ആശങ്ക ഉയരുന്നത്. മേയ് 25നുള്ളിൽ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു കേന്ദ്രം സമൂഹ മാധ്യമങ്ങൾക്കു നൽകിയ നിർദേശം. 

ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളൊന്നും പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായിട്ടില്ല. ട്വിറ്ററിന് സമാനമായ ഇന്ത്യൻ സമൂഹ മാധ്യമമായ കൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് നിര്‍ദേശം നല്‍കിയത്. സമയപരിധി മേയ് 25-നാണ് അവസാനിക്കുന്നത്.


പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്നാണു വിലയിരുത്തലുകള്‍. നിയമങ്ങള്‍ പാലിക്കാത്തിനാൽ ക്രിമിനൽ നിയമ നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. സമൂഹമാധ്യമങ്ങൾക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മധ്യമങ്ങൾക്കു പുറമെ, ഒ‌ടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.


മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുന്നതിനു കമ്മറ്റിയുമുണ്ടാകും. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു. മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്‌സ്ബുക്ക് വക്താവ് കൂട്ടിച്ചേർത്തു.

Post a Comment

0 Comments