കോഴിക്കോട്: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പിൽ നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനാ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു. സമുദായത്തിന് ലഭിക്കേണ്ട 100 ശതമാനം ആനുകൂല്യങ്ങള്‍ ലഭിക്കണം. വ്യത്യസ്ത വിഭാഗങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
മദ്രസ അധ്യാപകർക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സർക്കാർ വിതരണം ചെയ്യുന്നെന്ന തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്നും വർഗീയ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ഹൈക്കോടതിയുടെ 80:20 കോടിതി വിധി ദുർബലപ്പെടുത്തുന്നതിനാവശ്യമായ നിയമനടപടികൾ സ്വീകരിക്കുക, മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട 100 ശതമാനം ആനുകൂല്യങ്ങളും ലഭിക്കാൻ നടപടി സ്വീകരിക്കുക, മദ്രസ അധ്യാപകർക്ക് ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിന് രൂപ സർക്കാർ വിതരണം ചെയ്യുന്നു എന്നത് ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന തെറ്റായ പ്രചാരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുക. വർഗീയ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക, മുസ്‌ലിം ന്യൂനപക്ഷത്തിന് ലഭിക്കേണ്ട സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുക, വ്യത്യസ്ത വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകിയ ആനുകൂല്യങ്ങളെ സംബന്ധിച്ചും മറ്റും വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് നിവേദനം സമർപ്പിച്ചത്.
ഹൈദരലി ശിഹാബ് തങ്ങൾ, മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ( സമസ്ത കേരള ജംഇയ്യതുൽ ഉലമ ), കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, (പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത്ത് ), എം.ഐ അബ്ദുൽ അസീസ് (അമീർ, ജമാഅത്തെ ഇസ്ലാമി കേരള), ടി പി അബ്ദുല്ലക്കോയ മദനി (പ്രസിഡന്റ് ,കേരള നദ്വത്തുൽ മുജാഹിദീൻ ), തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി (ജനറൽ സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), വി.എച്ച് അലിയാർ ഖാസിമി (ജനറൽ സെക്രട്ടറി ജംഇയ്യതുൽ ഉലമാ ഹിന്ദ് ), എ.നജീബ് മൗലവി (ജനറൽ സെക്രട്ടറി കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ), ടി.കെ അശ്റഫ് (ജനറൽ സെക്രട്ടറി വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ), കടക്കൽ അബ്ദുൽ അസീസ് മൗലവി (പ്രസിഡൻറ് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ), സി.പി ഉമർ സുല്ലമി (ജനറൽ സെക്രട്ടറി കെ.എൻ.എം മർകസുദ്ദഅവ), ഡോ ഫസൽ ഗഫൂർ (പ്രസിഡന്റ് എം.ഇ.എസ്), ടി.കെ അബ്ദുൽ കരീം (ജനറൽ സെക്രട്ടറി എം.എസ്.എസ്), എൻ.കെ അലി ( ജനറൽ സെക്രട്ടറി മെക്ക) തുടങ്ങിയവരാണ് പരാതി സമർപ്പിച്ചത്.
സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു കണ്ടെത്തല്‍. ജനസംഖ്യാ കണക്കിന്‍റെ അടിസ്ഥാനത്തിൽ അനുപാതം പുനർനിശ്ചിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
0 Comments