ദുബായ്: കോവിഡ് പ്രതിരോധ വാക്സീന്റെ രണ്ടാം ഡോസ് നൽകിയ നഴ്സിനു മഞ്ഞപ്പടയുടെ ജഴ്സി സമ്മാനിച്ചു ബ്രസീലിന്റെ മുൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ. ദുബായിലാണു ലോക ഫുട്ബോളിലെ ഇതിഹാസമായിരുന്ന റൊണാൾഡീഞ്ഞോ വാക്സീൻ സ്വീകരിച്ചത്.
ടീമിൽ നിന്നു വിരമിച്ചിട്ടും വാർത്തകളിൽ നിറയുന്ന താരമാണു റൊണാൾഡീഞ്ഞോ. ദുബായ് നഗരത്തോടു ഹൃദയബന്ധമുള്ള റൊണാൾഡീഞ്ഞോ പ്രതിരോധ മരുന്നു നൽകിയ നഴ്സിനു കയ്യൊപ്പ് പതിഞ്ഞ ജഴ്സി സമ്മാനിച്ചാണ് 'ഭൂമിയിലെ മാലാഖയോട് ' ആദരവ് പ്രകടിപ്പിച്ചത്. താരത്തിന്റെ അമ്മയും ഒരു നഴ്സായിരുന്നൂവെന്നത് ഈ സ്നേഹമുദ്രയുടെ ആഴം കൂട്ടുന്നു. 19 നു പ്രതിരോധ മരുന്നിന്റെ പ്രഥമ ഡോസ് സ്വീകരിച്ച താരം കഴിഞ്ഞ ബുധനാഴ്ചയാണു രണ്ടാം ഡോസ് സ്വീകരിച്ചത്.
2020 ഒക്ടോബറിൽ റൊണാൾഡീഞ്ഞോയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. 71 വയസ്സുള്ള മാതാവ് മഹാമാരിയിൽ മരണത്തിനു കീഴടങ്ങിയതു അദ്ദേഹത്തിനു കനത്ത ആഘാതവുമായി. പത്തു വർഷം കാലാവധിയുള്ള യുഎഇ ഗോൾഡൻ വീസ നേടിയ റൊണാൾഡീഞ്ഞോ ദുബായിൽ വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് മഹാമാരിയിൽ നിന്നു സുരക്ഷിതമാകാനുള്ള പ്രതിരോധ വാക്സീനെടുത്തത്.
വ്യവസായികൾ,സംരഭകർ, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദഗ്ധർ, കലാ, കായിക രംഗത്തെ പ്രതിഭകൾ എന്നിവർക്കു താമസകുടിയേറ്റ വകുപ്പ് നൽകുന്നതാണു ദീർഘകാല വീസകൾ. നാൽപതോളം ലോകതാരങ്ങൾ ഇതിനകം അവരുടെ പാസ്പോർട്ടുകളിൽ ഗോൾഡൻ വീസ പതിഞ്ഞ സന്തോഷത്തിലാണ്.
0 Comments