കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പേപ്പട്ടി ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പേപട്ടി കടിയേറ്റത് നാലു പേർക്ക് . ഒമ്പത് വയസുള്ള കുട്ടിയുടെ കൈവിരൽ നായ കടിച്ചെടുത്തു. സാരമായി പരുക്കേറ്റ കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്നാൾ ദിനം രാവിലെ 10ന് കാഞ്ഞങ്ങാട് സൗത്ത്, കൊവ്വൽ സ്റ്റോർ ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. കൊവ്വൽ സ്റ്റോറിലെ ശശിയുടെ മകൻ ദേവദർശിന്റെ (9) കൈവിരല്‍ ആണ് പേപ്പട്ടി കടിച്ചെടുത്തത്.
വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് നായയുടെ അക്രമം. ആവിക്കര സ്വദേശി മൻസൂർ (46), ചെറുവത്തൂരിലെ ലോഹിതാക്ഷൻ (45 ), ആവിക്കരയിലെ ഷാലുപ്രിയ (20) എന്നിവർക്കും പേപ്പട്ടിയുടെ കടിയേറ്റു. പുതിയകോട്ടയിലും രണ്ടു പേർക്കു കടിയേറ്റതായി വിവരമുണ്ട്. കടിയേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലും തെരുവു നായ ശല്യം രൂക്ഷമാണ്.മിനി സിവില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് മാത്രം തെരുവു നായ്ക്കളുടെ പട തന്നെയുണ്ട്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും നായ ശല്യം രൂക്ഷമാണ്. പടന്നക്കാട് ഭാഗത്ത് നിന്നാണ് പേപ്പട്ടി ഓടി വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റു നായ്ക്കളെ കടിച്ചാല്‍ അവയ്ക്കും പേയിളകാനുള്ള സാധ്യതയുണ്ട്.
0 Comments