മംഗളൂരുവിലെ കോളേജുകളിലെ റാഗിംഗ്; കാസര്‍കോട് സ്വദേശികളടക്കം 40 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

മംഗളൂരുവിലെ കോളേജുകളിലെ റാഗിംഗ്; കാസര്‍കോട് സ്വദേശികളടക്കം 40 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

 


മംഗളൂരു: മംഗളൂരുവിലെ വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള റാഗിംഗ് കേസുകള്‍ പെരുകുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്യുന്ന റാഗിംഗ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. റാഗിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു മാസത്തിനിടെ 40 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള മലയാളികളാണെന്ന് പൊലീസ് പറഞ്ഞു. നഗര പ്രാന്തപ്രദേശത്തുള്ള ഒരു ഫാര്‍മസി കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പത് പേരും ഫെബ്രുവരിയില്‍ നടേക്കലിലെ ഒരു കോളേജില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ 11 ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥികളും മുക്കയിലെ എഞ്ചിനീയറിംഗ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് പേരും അറസ്റ്റിലായവരിലുള്‍പ്പെടും. നഗരത്തിലെ ഒരു സ്വകാര്യ ഫസ്റ്റ് ഗ്രേഡ് കോളേജില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ടും വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ഇക്കഴിഞ്ഞ ഏപ്രിലില്‍ കൊണാജെയിലെ മംഗളൂരു ഹോസ്റ്റലില്‍ റാഗിംഗ് നടന്നെങ്കിലും മാനേജ്മെന്റ് കൃത്യസമയത്ത് ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു. ജൂലൈ 16ന് നഴ്‌സിംഗ് കോളേജിലെ ആറ് വിദ്യാര്‍ത്ഥികളാണ് റാഗിംഗ് കേസില്‍ അറസ്റ്റിലായത്. റാഗിംഗ് തടയുന്നതിനുള്ള നടപടികളില്‍ വീഴ്ച വരുത്തിയാല്‍ കോളേജ് മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് റാഗിംഗ് കേസുകള്‍ കുറഞ്ഞെങ്കിലും ഇളവുകള്‍ ലഭിച്ച് കോളേജുകളുടെ പ്രവര്‍ത്തനം സജീവമായതോടെ റാഗിംഗ് സംബന്ധിച്ച് വീണ്ടും പൊലീസില്‍ പരാതികളെത്തുകയാണ്.

ഫെബ്രുവരിയില്‍ ഒരു കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിംഗിന് വിധേയരാക്കിയ സംഭവത്തില്‍ കോളേജ് ഡീന്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഡീനെ ഭീഷണിപ്പെടുത്തി. ഈ കേസില്‍ നാല് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.

Post a Comment

0 Comments