ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ച് 5 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു

LATEST UPDATES

6/recent/ticker-posts

ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ച് 5 ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചു



തൃക്കരിപ്പൂർ: ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവറിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്ത അജ്ഞാത സംഘത്തിൽപ്പെട്ടയാളുടെ നിരീക്ഷണ ക്യാമറാ ദൃശ്യം പോലീസിന്  ലഭിച്ചു. ആഗസ്ത് 4-ന് പകൽ 3 മണിക്കാണ് ചെറുവത്തൂർ കാടങ്കോട് സ്വദേശിയുടെ 5 ലക്ഷം രൂപ തട്ടിയെടുത്ത്  രണ്ടംഗ സംഘം  രക്ഷപ്പെട്ടത്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് കിഴക്ക് വശം സെന്റ്  പോൾസ് സ്കൂളിന് സമീപത്താണ് സംഭവം.


ചെറുവത്തൂർ കാടങ്കോട്ടെ ഓട്ടോ ഡ്രൈവർ  അബ്ദുൾ ഹനീഫ 31, ഭാര്യ സൗദ എന്നിവരിൽ നിന്നാണ് രണ്ടംഗ സംഘം പണം തട്ടിയെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചെറുവത്തൂർ കാനറാ ബാങ്ക് പരിസരത്ത് രണ്ടംഗ സംഘം ദിർഹം മാറ്റിയെടുക്കാൻ സഹായമഭ്യർത്ഥിച്ച് ഹനീഫയെ സമീപിച്ചത്. അന്നേ ദിവസം തട്ടിപ്പുകാർ ഹനീഫയ്ക്ക് 100 ദിർഹം നൽകിയിരുന്നു. ഈ ഇടപാടിൽ ഹനീഫയ്ക്ക് ലാഭവും കിട്ടി.


ഇതിന് പിന്നാലെയാണ് തട്ടിപ്പ് സംഘം എട്ട് ലക്ഷത്തിന്റെ ദിർഹം 5 ലക്ഷത്തിന് കൊടുക്കാമെന്ന വാഗ്ദാനവുമായി ഹനീഫയെ സമീപിച്ചത്. കടം വാങ്ങിയ തുകയും ഭാര്യയുടെ സ്വർണ്ണം പണയം വെച്ച തുകയുമായാണ് ഹനീഫയും ഭാര്യ സൗദയും ശനിയാഴ്ച തൃക്കരിപ്പൂരിലെത്തിയത്. തട്ടിപ്പുകാർ കൈയ്യിൽ കരുതിയ തുണിസഞ്ചി ദമ്പതികൾക്ക് കൈമാറി 5 ലക്ഷം തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പൊതി തുറന്നുനോക്കിയപ്പോഴാണ് തങ്ങൾ വഞ്ചിതരായ വിവരം ദമ്പതികൾ അറിഞ്ഞത്. വ്യാജ ദിർഹവുമായെത്തിയവരോട് പേരോ അഡ്രസോ ചോദിക്കാതെയാണ് ഹനീഫ ഇടപാടുകൾ നടത്തിയത്.


തട്ടിപ്പുകാർ ഹിന്ദി സംസാരിച്ചിരുന്നതിനാൽ ഇവർ ഇതര സംസ്ഥാനക്കാരാണെന്നാണ് സംശയിക്കുന്നത്. മൊബൈൽ ഫോൺ നമ്പർ വഴിയുള്ള അന്വേഷണത്തിൽ പശ്ചിമ ബംഗാൾ സ്വദേശി രഹനാസ്  എന്നയാളാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ 2019-ൽ മംഗളൂരുവിൽ തട്ടിപ്പ് നടന്നിരുന്നു. ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ചന്തേര പോലീസ് മംഗളൂരുവിലെത്തി.

Post a Comment

0 Comments