ഫാത്തിമ തഹ്‌ലിയയെ നീക്കിയത് പ്രതികാര നടപടി; നജ്‌മ തബ്‌ഷീറ

ഫാത്തിമ തഹ്‌ലിയയെ നീക്കിയത് പ്രതികാര നടപടി; നജ്‌മ തബ്‌ഷീറ

 



മലപ്പുറം: എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്നും ഫാത്തിമ തഹ്‌ലിയയെ നീക്കിയത് പ്രതികാര നടപടിയാണെന്ന് ഹരിത മുൻ ജനറൽ സെക്രട്ടറി നജ്‌മ തബ്ഷീറ. ഫാത്തിമ തഹ്‌ലിയയുടെ അച്ചടക്ക ലംഘനം എന്താണെന്ന് വ്യക്‌തമാക്കണം. തികഞ്ഞ സ്‌ത്രീ വിരുദ്ധതയാണ് ഇപ്പോൾ നേതൃത്വം സ്വീകരിച്ച നടപടി. ലീഗിലെ പല നേതാക്കളും ഇപ്പോഴും ഹരിതക്കൊപ്പമാണ്. നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും നജ്‌മ തബ്ഷീറ പറഞ്ഞു.


അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ഫാത്തിമ തഹ്‌ലിയയെ എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്നും മുസ്‌ലിം ലീഗ് പുറത്താക്കിയത്. മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം ദേശീയ നേതൃത്വമാണ് നടപടി സ്വീകരിച്ചത്.


നേതൃത്വത്തിനെതിരെ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയിരുന്നത് ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയ വഴിയുണ്ടായ പ്രതികരണവും നേതൃത്വത്തെ പ്രകോപിപ്പിച്ചു. ഹരിതയുടെ ആദ്യകാല സംസ്‌ഥാന പ്രസിഡണ്ടായിരുന്നു ഫാത്തിമ തഹ്‌ലിയ.


ഹരിതയുടെ സംസ്‌ഥാന കമ്മറ്റി പിരിച്ചു വിട്ടതിൽ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഫാത്തിമ രംഗത്തെത്തിയിരുന്നു. ഹരിത നേതാക്കള്‍ ഏത് തരത്തിലുള്ള അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും ഹരിത നേതാക്കള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും തഹ്‌ലിയ വ്യക്‌തമാക്കിയിരുന്നു. സ്‌ത്രീകള്‍ക്ക് എതിരെയുള്ള പരാതികള്‍ പരിഹരിക്കേണ്ടത് ഈ രീതിയിലാണോയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ഫാത്തിമ പറഞ്ഞിരുന്നു.

Post a Comment

0 Comments