ബവീഷിന് ജീവന്‍ രക്ഷാപതക് അവാര്‍ഡ് ലഭിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

ബവീഷിന് ജീവന്‍ രക്ഷാപതക് അവാര്‍ഡ് ലഭിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി

 


തിരുവനന്തപുരം: മത്സ്യബന്ധനത്തിനു പോയി തിരിച്ചു വരുന്നതിനിടെ ശക്തമായ കാറ്റിലും തിരയിലുംപ്പെട്ട് തോണിമറിഞ്ഞു മരണത്തെ മുഖാമുഖം കണ്ട മൂന്ന് മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തിയ ബേക്കലിലെ എ ബവീഷിനെ ജീവന്‍ രക്ഷാപതക് അവാര്‍ഡിനു പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയെ അറിയിച്ചു.


2021 സെപ്തംബര്‍ 12ന് രാവിലെയാണ് കീഴൂര്‍ കടപ്പുറത്ത് തോണിമറിഞ്ഞു മല്‍സ്യത്തൊഴിലാളികളായ അജ്മല്‍, മുനവ്വര്‍, അഷ്‌റഫ് എന്നിവര്‍ക്ക് പരിക്കേറ്റത്. തീരദേശ പൊലീസും അഗ്നിരക്ഷാസേനയും മറ്റു വള്ളങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും കാറ്റും തിരയും കാരണം അപകടത്തില്‍പ്പെട്ടവരുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല. മരണത്തിന്റെ വക്ത്രത്തില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്താന്‍ മുന്നില്‍ നിന്നത് ബവീഷായിരുന്നു. ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.എ. നെല്ലിക്കുന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവന്‍ രക്ഷാപതക് അവാര്‍ഡിന് പരിഗണിക്കാറുണ്ടെന്നും ബവിഷിനെ ഈ അവാര്‍ഡിനു പരിഗണിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.എ. നെല്ലിക്കുന്നിനെ അറിയിച്ചു.

Post a Comment

0 Comments