കുഞ്ഞ് അനുപമയുടേത് തന്നെ, ഡിഎന്‍എ പരിശോധനാഫലം പുറത്ത്

LATEST UPDATES

6/recent/ticker-posts

കുഞ്ഞ് അനുപമയുടേത് തന്നെ, ഡിഎന്‍എ പരിശോധനാഫലം പുറത്ത്




തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം. പരിശോധനാഫലം രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സിഡബ്ല്യൂസിക്ക് കൈമാറി. ഇത് കോടതിയില്‍ സമര്‍പ്പിക്കും. ഈ മാസം 30നാണ് കോടതി കേസ് പരിഗണിക്കുന്നത്. കുഞ്ഞിനെ ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ പ്രതികരിച്ചു.


കഴിഞ്ഞ ദിവസമാണ് ദത്തു നല്‍കിയ ആന്ധ്രാപ്രദേശിലെ ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചത്. ഡിഎന്‍എ പരിശോധനാഫലം അടക്കം നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കുഞ്ഞിനെ സംരക്ഷണകേന്ദ്രത്തിലാണ് ഏല്‍പ്പിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറിനാണ് കുഞ്ഞിന്റെ  സംരക്ഷണച്ചുമതല. 


കുഞ്ഞ് അനുപമയുടേത് തന്നെ


കഴിഞ്ഞദിവസമാണ് മാതാപിതാക്കള്‍ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന കേസില്‍ അനുപമയുടെയും പങ്കാളി അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചത്. സിഡബ്ല്യുസി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററില്‍ വച്ചായിരുന്നു പരിശോധന. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നേളജിയില്‍ എത്തിയാണ് അനുപമയും അജിത്തും സാമ്പിളുകള്‍ നല്‍കിയത്. നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചത്. 


ഡിഎന്‍എ പരിശോധനാഫലം പുറത്ത്


കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ഹൈദരാബാദില്‍നിന്നുള്ള വിമാനത്തിലാണ് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചത്. കുട്ടിയെ പൊലീസ് സംരക്ഷണയോടെ നഗരത്തിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ശിശുക്ഷേമസമിതി പ്രതിനിധി, ശിശുക്ഷേമ കൗണ്‍സിലില്‍നിന്നുള്ള ആയ, മൂന്ന് പൊലീസുദ്യോഗസ്ഥര്‍ എന്നിവരാണ് ആന്ധ്രയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി തിരുവനന്തപുരത്ത് എത്തിച്ചത്. ഡിഎന്‍എ ഫലം വരുന്നത് അടക്കം വിവിധ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കാണ്. കുഞ്ഞിനെ കൈമാറുന്നത് സംബന്ധിച്ച് അന്തിമ വിധി വരുന്നതുവരെ കുഞ്ഞിനെ നഗരത്തിലെ ശിശു ഭവനില്‍ സംരക്ഷിക്കും.


ആന്ധ്രയിലെ ഒരു ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഘം ദമ്പതിമാരെ കണ്ടത്. ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് ഏറ്റുവാങ്ങിയത്. സംഘം ആദ്യം ആന്ധ്രയിലെ ശിശുക്ഷേമസമിതി പ്രവര്‍ത്തകരുമായും സ്ഥലത്തെ പോലീസുദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും ആണെന്നു തെളിഞ്ഞ സ്ഥിതിക്ക് കോടതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും അനുമതി ലഭിച്ചാല്‍ അവര്‍ക്കു കുഞ്ഞിനെ വിട്ടു നല്‍കും.

Post a Comment

0 Comments