നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ 3 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

LATEST UPDATES

6/recent/ticker-posts

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ 3 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു




തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ പ്രശസ്‌ത ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ എന്നിവരാണ് മറ്റ് പ്രതികൾ. ലോഡ്‌ജിൽ അതിക്രമിച്ച് കടന്ന് മർദ്ദിച്ച ശേഷം മഷി ഒഴിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇവർക്കെതിരെ വധശ്രമക്കുറ്റവും ചുമത്തിയിട്ടുണ്ട്.


ഇവർ ലാപ്‌ടോപും മൊബൈലും മോഷ്‌ടിച്ചെന്ന് പരാതിയുണ്ടെങ്കിലും മോഷണ കുറ്റം ചുമത്തിയിട്ടില്ല. ഈ മാസം 22ന് പ്രതികൾ കോടതിയിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാകേണ്ടത്. 2020 സെപ്റ്റംബർ 26നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

സോഷ്യൽ മീഡിയയിലൂടെ സ്‌ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്ന് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവർ വിജയ് പി നായർ താമസിച്ച സ്‌ഥലത്തെത്തി കൈയ്യേറ്റം ചെയ്യുകയും കറുത്ത മഷി ഒഴിക്കുകയും ചെയ്യുകയായിരുന്നു.


വിജയ് പി നായരുടെ പരാതിയിൽ തമ്പാനൂർ പോലീസാണ് മൂന്ന് പേരെയും പ്രതി ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. തുടർന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസ് അന്വേഷണവുമായി സഹകരിക്കണമെന്ന് ഇവർക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്‌തു.

Post a Comment

0 Comments