ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ഞെട്ടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ

LATEST UPDATES

6/recent/ticker-posts

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ഞെട്ടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ

 


തിരുവനന്തപുരം: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സമീപ കാലങ്ങളിൽ മുസ്‌ലിം ലീഗിന്റെ ജമാഅത്തെ ഇസ്‌ലാമിവൽക്കരണത്തെ സമുദായത്തിനുള്ളിൽ നിന്ന് തുറന്നെതിർത്ത സുന്നി മത പണ്ഡിതരിൽ പ്രധാനിയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ.


ഏറ്റവുമൊടുവിൽ വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ വർഗീയ പ്രചാരണം ഏറ്റെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്യാൻ ശ്രമിച്ച ലീഗിന്റെ ശ്രമങ്ങളുടെ മുനയൊടിച്ച പ്രസ്‌താവനകളാണ് ജിഫ്രി തങ്ങളിൽ നിന്നുണ്ടായത് എന്നും ഡിവൈഎഫ്ഐ പ്രസ്‌താവനയിൽ പറഞ്ഞു


തങ്ങളുടെ ആജ്‌ഞാനുവർത്തിയായി നിൽക്കാത്ത ഏത് മത സംഘടനക്കും പണ്ഡിതർക്കും നേരെ ആയുധമെടുക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് മുസ്‌ലിം ലീഗ് ഇതിലൂടെ നൽകുന്നത് എന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആരാധനാലങ്ങളെ രാഷ്‌ട്രീയ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള ലീഗിന്റെ തീരുമാനത്തെ ശരിയായ നിലപാടിലൂടെ തകർത്തത് ജിഫ്രി തങ്ങൾ ആയിരുന്നു. മതവിശ്വാസികളെ വർഗീയവൽക്കരിച്ച് നാടിനെ കലാപത്തിലേക്ക് തള്ളിവിട്ട് അരക്ഷിതാവസ്‌ഥ തീർക്കുക എന്ന അജണ്ടയാണ് അദ്ദേഹം ഇല്ലാതാക്കിയത്.


മത രാഷ്‌ട്രീയവാദികളായ വർഗീയ ശക്‌തികളുമായി ചേർന്ന് സങ്കുചിത താൽപര്യം നടത്തിയെടുക്കാൻ ശ്രമിക്കുന്ന ലീഗിന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്ന മത പണ്ഡിതർക്ക് നേരെ പോലുമുള്ള ഭീഷണികളെ ​ഗൗരവത്തോടെ കാണുന്നുവെന്നും ശക്‌തമായ ഭാഷയിൽ അപലപിക്കുന്നുവെന്നും ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.


അതേസമയം, ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ ഭീഷണിയിൽ ഉടൻ ന‌ടപടിയെടുക്കുമെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ പറഞ്ഞു. വിഷയം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.


ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വഖഫ് വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച നിലപാടിന് പിന്നാലെയാണ് ഭീഷണി.

Post a Comment

0 Comments