സംസ്‌ഥാനത്ത്‌ ബുധനാഴ്‌ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷൻ

LATEST UPDATES

6/recent/ticker-posts

സംസ്‌ഥാനത്ത്‌ ബുധനാഴ്‌ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷൻ



തിരുവനന്തപുരം: ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്‌ഞം നടത്താന്‍ തീരുമാനിച്ചത്.


ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പ്രത്യേക വകുപ്പ് തല യോഗങ്ങൾ ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്‌ഞത്തിന് അന്തിമ രൂപം നല്‍കിയത്. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. ഇവര്‍ 2007ലോ അതിനുമുൻപോ ജനിച്ചവരായിരിക്കണം.


15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ മാത്രമാണ് നല്‍കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുക. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാസ്‌ക് ഫോഴ്‌സാണ് വാക്‌സിനേഷന്‍ നടത്തേണ്ട സ്‌കൂളുകള്‍ കണ്ടെത്തുന്നത്. 500ല്‍ കൂടുതല്‍ ഗുണഭോക്‌താക്കളുള്ള സ്‌കൂളുകളെ സെഷന്‍ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്‌സിനേഷന്‍ നടത്തുന്നത്.


വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെയ്റ്റിംഗ് ഏരിയ, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിവ സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. സ്‌കൂളുകളില്‍ തയ്യാറാക്കിയ വാക്‌സിനേഷന്‍ സെഷനുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ലിങ്ക് ചെയ്യുന്നതാണ്. സ്‌കൂള്‍ വാക്‌സിനേഷന്‍ സെഷനുകളുടെ എണ്ണം ജില്ലാ ടാസ്‌ക് ഫോഴ്‌സ് തീരുമാനിക്കുന്നതാണ്.


കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും എല്ലാ സെഷനുകളും നടത്തുക. സ്‌കൂള്‍ അധികൃതര്‍ ഒരു ദിവസം വാക്‌സിനേഷന്‍ എടുക്കേണ്ട വിദ്യാർഥികളുടെ പട്ടിക വളരെ നേരത്തെ തന്നെ തയ്യാറാക്കുകയും അവര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്തെ കുറിച്ച് അറിയിക്കുകയും ചെയ്യും. വാക്‌സിനേഷന്‍ ദിവസത്തിന് മുൻപ് അര്‍ഹതയുള്ള എല്ലാ വിദ്യാർഥികളും കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തും.


ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കല്‍ ഓഫിസര്‍, വാക്‌സിനേറ്റര്‍, സ്‌റ്റാഫ് നേഴ്‌സ്, സ്‌കൂള്‍ നല്‍കുന്ന സപ്പോര്‍ട്ട് സ്‌റ്റാഫുകള്‍ എന്നിവരടങ്ങുന്നതാണ് വാക്‌സിനേഷന്‍ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെഷന്‍ സൈറ്റിലെയും വാക്‌സിനേറ്റര്‍മാരുടെ എണ്ണം തീരുമാനിക്കും. എല്ലാ വാക്‌സിനേഷനും കോവിന്നില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഓഫ്‌ലൈന്‍ സെഷനുകളൊന്നും തന്നെ നടത്താന്‍ പാടില്ല.


വാക്‌സിന്‍ നല്‍കുമ്പോള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. വാക്‌സിനേഷന്‍ മുറിയില്‍ പ്രവേശിക്കുന്നതിന് മുൻപ് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് വിദ്യാർഥികളുടെ താപനില പരിശോധിക്കുന്നതാണ്. പനിയും മറ്റ് അസുഖങ്ങളും ഉള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കില്ല. വാക്‌സിന്‍ എടുത്ത കുട്ടികളെ 30 മിനിറ്റ് നിരീക്ഷണത്തില്‍ ഇരുത്തും. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സുരക്ഷിതമായ സംസ്‌കരണത്തിനായി അടുത്തുള്ള ആരോഗ്യ സംരക്ഷണ സ്‌ഥാപനങ്ങളിലേക്ക് കൊണ്ടുപോകും.


വാക്‌സിനേഷന്‍ മൂലം കുട്ടികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എഇഎഫ്‌ഐ മാനേജ് ചെയ്യുന്നതിനുള്ള സംവിധാനം എല്ലാ കേന്ദ്രങ്ങളിലുമൊരുക്കും. കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ കാണുന്നുവെങ്കില്‍ തൊട്ടടുത്ത എഇഎഫ്‌ഐ മാനേജ്‌മെന്റ് സെന്ററിലെത്തിക്കുന്നതാണ്. ഇതിനായി സ്‌കൂളുകള്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

Post a Comment

0 Comments