സുഹൃത്തുക്കൾക്ക് ഉണർത്തു പാട്ടായി സ്മിത ടീച്ചറുടെ ശുഭ ദിന കവിതകൾ;

LATEST UPDATES

6/recent/ticker-posts

സുഹൃത്തുക്കൾക്ക് ഉണർത്തു പാട്ടായി സ്മിത ടീച്ചറുടെ ശുഭ ദിന കവിതകൾ;
കാഞ്ഞങ്ങാട് : സുഹൃത്തുക്കൾക്ക് ഉണർത്തു പാട്ടായി സ്മിത ടീച്ചറുടെ ശുഭ ദിന കവിതകൾ . അലോസരപ്പെടുത്തുന്ന  ഗുഡ് മോണിംഗ് സന്ദേശങ്ങൾ കൊണ്ട് മൊബൈൽ ഫോണുകൾ നിറയുമ്പോൾ   സ്വന്തം  കവിത  അയച്ച്  ശ്രദ്ധേയമാവുകയാണ് മടിക്കൈ പൂത്തക്കാൽ ഗവ.യു.പി.സ്കൂൾ അധ്യാപിക പി. സ്മിത  . കഴിഞ്ഞ വർഷം സെപ്തംബറിൽ ആരംഭിച്ച കാവ്യ സൗഹൃദം അഞ്ചു മാസം പൂർത്തിയാക്കിയ ആഹ്ലാദത്തിലാണ് ടീച്ചറും സുഹൃത്തുക്കളും. കവിതകളുടെ എണ്ണം 150 കഴിഞ്ഞതോടെ ശുഭ ദിന കവിതാ സമാഹാരം  പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ടീച്ചറുടെ കൂട്ടുകാർ. ആറു മുതൽ പത്ത് വരെ വരികളുള്ള കവിത തലേ ദിവസം  രാത്രി തന്നെ എഴുതി വെക്കും. കവിതയ്ക്കുള്ള ചിത്രങ്ങൾ അയച്ചു കൊടുക്കുന്നതിൽ  സുഹൃത്തുക്കൾ തമ്മിൽ  മത്സരമാണ്. പൂക്കളും പൂവാടിയും മലയും മരവും കടലും പക്ഷികളും തുടങ്ങി   ചിത്രങ്ങളിലെ വൈവിധ്യം കവിതയുടെ പ്രമേയത്തിലും വരുത്തും.  രാവിലെ 5 മണിക്ക് ബ്രോഡ് കാസ്റ്റിംഗ് ഗ്രൂപ്പിലൂടെ നൂറു പേർക്ക് അയച്ചു കൊടുക്കും. അഭിനന്ദനങ്ങളോടൊപ്പം ഗ്രൂപ്പുകളിലേക്കും ഫെയ്സ് ബുക്കിലേക്കും കവിതകൾ ഷെയർ ചെയ്യുന്നതിലൂടെ ഓരോ കവിതയും മണിക്കൂറുകൾ കൊണ്ട്  വൈറലാകും.  വിനോദത്തിന് വേണ്ടി തുടങ്ങിയ എഴുത്ത് കവി കുരീപ്പുഴ ശ്രീകുമാർ അടക്കമുള്ള സൗഹൃദ കൂട്ടായ്മയുടെ  അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും   നിമിത്തം   നിർത്താൻ പറ്റാത്ത നിലയിലേക്ക് മാറി കഴിഞ്ഞു. 6 മണിക്കുള്ളിൽ കവിത കണ്ടില്ലെങ്കിൽ പിന്നെ വായനക്കാരുടെ അന്വേഷണം തുടങ്ങും.

പച്ചയാം വിരിപ്പിട്ട മലനിരകളും കളം കളം പാടി ഒഴുകുന്ന പുഴകളും മാത്രമല്ല കാർത്തികയിലെ ചൂടും തിരുവാതിരയിലെ കുളിർ മഴയും വരെ ടീച്ചറുടെ കുഞ്ഞു കവിതകൾക്ക് വിഷയമാകുന്നു. ഉള്ളൂരും ചങ്ങമ്പുഴയും കുമാരനാശാനും വാഴ്ത്തി പാടിയ കേരളക്കരയുടെ പ്രകൃതി സൗന്ദര്യം വർണനയുടെ രുചിഭേദം തീർത്ത്  ചേർത്ത് മനോഹരമാക്കുകയാണ് തൃക്കരിപ്പൂർ തങ്കയം സ്വദേശിയായ സ്മിത ടീച്ചർ. കടൽ മഷിപ്പാത്രം എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശുഭദിന കവിതകൾക്കു പുറമെ  മറ്റൊരു കവിതാ സമാഹാരം  കൂടി അച്ചടിയിലാണ്. 

Post a Comment

0 Comments