വെള്ളിയാഴ്‌ച, ഫെബ്രുവരി 25, 2022

 



തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ഗ്രൂപ്പ് യോഗം നടക്കുന്നെന്ന സംശയത്തിൽ പരിശോധനയ്ക്ക് ആളെ അയച്ച് കെപിസിസി പ്രസിഡന്റ്. കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകൾ മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത നടപടി. ഇന്നലെ രാത്രി പത്തോടെ കെപിസിസി സംഘം കന്റോൺമെന്റിൽ എത്തിയപ്പോൾ അവിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ പത്തിലേറെ പ്രമുഖ നേതാക്കൾ ഉണ്ടായിരുന്നു. നടന്നതു ഗ്രൂപ്പ് യോഗമല്ലെന്നും ‘വെറുതെ ഒന്ന് ഇരുന്നതാണെ’ന്നുമാണു യോഗത്തിലുണ്ടായിരുന്ന നേതാക്കളുടെ വിശദീകരണം. എന്നാൽ ഗ്രൂപ്പ് യോഗത്തിനെതിരേ ഹൈക്കമാൻഡിനു പരാതി നൽകാൻ ഒരുങ്ങുകയാണു കെപിസിസി നേതൃത്വം. 

കന്റോൺമെന്റ് ഹൗസിൽ നേതാക്കൾ തമ്പടിച്ചിട്ടുണ്ടെന്നറിഞ്ഞ് ഇന്നലെ രാത്രി പത്തോടെയാണു കെ.സുധാകരൻ പരിശോധിക്കാൻ ആളെ വിട്ടത്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിൻമോഹൻ എന്നിവരായിരുന്നു സംഘത്തിൽ. അകത്തുണ്ടായിരുന്ന നേതാക്കളിൽ മിക്കവരും ഇവർ എത്തിയതോടെ പല വാതിലുകൾ വഴി പുറത്തിറങ്ങി; ചുരുക്കം ചിലർ മുൻവാതിലിലൂടെയും.


ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, എം.എം.വാഹിദ്, വി.എസ്.ശിവകുമാർ, കെ.എസ്.ശബരീനാഥ് തുടങ്ങിയ തിരുവനന്തപുരം ജില്ലയിലെ നേതാക്കളും കെപിസിസി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, യൂജിൻ തോമസ് തുടങ്ങിയവരുമാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നത്. ചേർന്നതു ഗ്രൂപ്പ് യോഗമല്ലെന്നും പ്രതിപക്ഷ നേതാവിന്റെ സൗകര്യമനുസരിച്ച് അദ്ദേഹത്തെ കാണാൻ എത്തിയതായിരുന്നുവെന്നും നേതാക്കൾ പറയുന്നു. ഇന്നലെ നിയമസഭയുണ്ടായിരുന്നതിനാൽ രാഷ്ട്രീയകാര്യങ്ങൾക്കു പകൽ പ്രതിപക്ഷ നേതാവിനെ കിട്ടിയിരുന്നില്ല. പ്രതിപക്ഷ നേതാവിനെ പ്രധാന നേതാക്കൾ കാണുന്നതിനു ഗ്രൂപ്പ് യോഗത്തിന്റെ പരിവേഷം നൽകേണ്ടതില്ലെന്നും ഇവർ പറയുന്നു.


എന്നാൽ കെപിസിസി നേതൃത്വം ഇക്കാര്യത്തിൽ കടുത്ത അമർഷത്തിലാണ്. അടുത്തിടെ കോഴിക്കോട്ടും കോട്ടയത്തും എ ഗ്രൂപ്പിന്റെ യോഗങ്ങൾ ചേർന്നിരുന്നു. ഡിസിസി പുനഃസംഘടനാ ചർച്ചകളുടെ അന്തിമഘട്ടത്തിൽ നിൽക്കേ ഇത്തരത്തിൽ യോഗം ചേരുന്നത് അച്ചടക്കലംഘനവും ഗൂഢാലോചനയുമായാണു കെപിസിസി നേതൃത്വം കാണുന്നത്. ഗ്രൂപ്പിന് അതീതർ എന്ന പ്രതിഛായയോടെ വന്നവർ ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നുവെന്ന വികാരമാണുള്ളത്. ഇക്കാര്യം ഇന്നു തിരുവനന്തപുരത്തുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ശ്രദ്ധയിൽപെടുത്തും. 


ആറുമാസംകൊണ്ടു പൂർത്തിയാക്കാൻ ഉദ്ദേശിച്ച പുനഃസംഘടന വല്ലാതെ വൈകുന്നതിന്റെ നിരാശ കെപിസിസി പ്രസിഡന്റിനുണ്ട്. ചില നേതാക്കൾ പുനഃസംഘടന വച്ചുനീട്ടാൻ ചരടുവലിക്കുന്നത് എഐസിസി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനു മുൻപ് ജില്ലകളിൽ പുതിയ നേതൃത്വം വരുന്നതു തടയാനാണെന്നും കരുതുന്നു. ഇപ്പോൾ ചേരുന്ന സമാന്തര യോഗങ്ങളെ ഇതിനുള്ള ആസൂത്രണമായിക്കൂടിയാണു കെപിസിസി നേതൃത്വം കാണുന്നത്. മുഴുവൻ ജില്ലകളുടെയും പട്ടിക കെപിസിസിയുടെ മുൻപിലുണ്ട്. ഇതു ചുരുക്കുന്നതിനും അന്തിമമാക്കുന്നതിനും പ്രധാന നേതാക്കളുടെ പങ്കാളിത്തം ലഭിക്കുന്നില്ല. 


ഡിസിസി പട്ടിക ഇന്നലെ പ്രഖ്യാപിക്കുമെന്നു കരുതിയതാണ്. എന്നാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പ്രധാന നേതാക്കളുടെ അവസാന വട്ട ചർച്ച നടക്കാത്തതിനാൽ നീണ്ടുപോവുകയാണെന്നു കെപിസിസി നേതൃത്വം സൂചിപ്പിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി എഐസിസി നേതൃത്വം നിശ്ചയിച്ച ജി.പരമേശ്വര നാളെ തലസ്ഥാനത്തുണ്ട്. നേതാക്കളുടെ വിപുലമായ യോഗവും വിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് യോഗങ്ങളും  കന്റോൺമെന്റ് ഹൗസിലെ ‘റെയ്ഡും’ ഇതു സംബന്ധിച്ച ആരോപണങ്ങളും ഡിസിസി പുനഃസംഘടന വൈകുന്നതിൽ കെപിസിസി നേതൃത്വത്തിനുള്ള അമർഷവുമെല്ലാം പലതരത്തിൽ പുറത്തുവന്നേക്കാം. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ