വെജ് ബിരിയാണിക്ക് പകരം നൽകിയത് ചിക്കന്‍; പയ്യന്നൂരിലെ ഹോട്ടലില്‍ സംഘര്‍ഷം

LATEST UPDATES

6/recent/ticker-posts

വെജ് ബിരിയാണിക്ക് പകരം നൽകിയത് ചിക്കന്‍; പയ്യന്നൂരിലെ ഹോട്ടലില്‍ സംഘര്‍ഷം

 


പയ്യന്നൂർ: വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് പിന്നാലെ ഹോട്ടലില്‍ സംഘര്‍ഷം. പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.


ഇന്നലെ ഉച്ചയ്‌ക്ക് ഹോട്ടലിലെത്തിയ ഒരാള്‍ വെജ് ബിരിയാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിക്കാനായി വിളമ്പുന്നതിനിടെ ബിരിയാണി ചിക്കനാണെന്ന് മനസിലായി. വിവരം ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ തര്‍ക്കമായി.

ചിക്കന്‍ കഴിക്കാറില്ലെന്നും ഭക്ഷണം മാറ്റി നല്‍കാന്‍ ഹോട്ടലുടമ തയ്യാറായില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം. ഹോട്ടലുടമയുമായുള്ള തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കളും പ്രശ്‌നത്തില്‍ ഇടപെട്ടു. വിളമ്പിയ ചിക്കന്‍ ബിരിയാണി തങ്ങള്‍ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നുമുള്ള യുവാക്കളുടെ സമവായ നിര്‍ദ്ദേശവും ഹോട്ടലുടമ പരിഗണിച്ചില്ല. ഇതോടെ ഹോട്ടലുടമ യുവാക്കളോടും തട്ടിക്കയറി. ഇതിന് പിന്നാലെ തര്‍ക്കം കയ്യേറ്റത്തിലെത്തി.


ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് പയ്യന്നൂര്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹോട്ടലുടമ ഡി വി ബാലകൃഷ്‌ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സിപി ഷിമിത്ത്, എംഎസ് സനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹോട്ടലില്‍ ബഹളമായതോടെ നിരവധിപ്പേർ ഇവിടേക്ക് എത്തിയിരുന്നു. ഒടുവിൽ പോലീസ് എത്തുകയും ഹോട്ടലുടമയുടെ ഭാഗത്ത് നിന്നാണ് വീഴ്‌ചയുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം വ്യക്‌തമാക്കുകയും ചെയ്‌തു. സംഭവത്തിൽ ഇരുവിഭാഗവും പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments