അബുദാബിയിൽ നിന്നും ദുബായിലേക്ക് 50മിനിറ്റിനുള്ളിൽ എത്താം: ഇത്തിഹാദ് റെയിലിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി

LATEST UPDATES

6/recent/ticker-posts

അബുദാബിയിൽ നിന്നും ദുബായിലേക്ക് 50മിനിറ്റിനുള്ളിൽ എത്താം: ഇത്തിഹാദ് റെയിലിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി

 



ഇത്തിഹാദ് റെയിലിന്റെ അബുദാബി-ദുബായ് പാത നിർമ്മാണം പൂർത്തിയായി. 13,300 തൊഴിലാളികൾ 27 മാസം കൊണ്ടാണ് 256 കിലോമീറ്റർ ലൈൻ നിർമ്മിച്ചത്. യാത്രാ ട്രെയിൻ ഓടിത്തുടങ്ങിയാൽ 50 മിനിറ്റിനുള്ളിൽ അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താനാകും. ദുബൈ ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മഖ്തൂം ബിൻ മുഹമ്മദും അബൂദബി കിരീടാവകാശിയുടെ കോടതി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ശൈഖ് ത്വയ്യിബ് ബിൻ മുഹമ്മദും സംയുക്തമായാണ് പദ്ധതി പൂർത്തീകരണ പ്രഖ്യാപനം നടത്തിയത്.


അൽ സിലയിൽ നിന്ന് ഫുജൈറ വരെ നീളുന്ന റെയിൽ ശൃംഖല പൂർത്തിയാവുന്നതോടെ യു.എ.ഇയുടെ 11 നഗരങ്ങളെയാണ് ഇതു ബന്ധിപ്പിക്കുക. മണിക്കൂറിൽ 200 കി.മീ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ 400 പേർക്ക് സഞ്ചരിക്കാനാകും. പദ്ധതി നിർമാണം ഉടൻ പൂർത്തിയാക്കാനും 2030 ഓടെ പ്രതിവർഷം മൂന്നരക്കോടി ആളുകൾക്ക് സഞ്ചാര അവസരം നൽകാനുമാണ് അധികൃതരുടെ തീരുമാനം. ട്രാക്കിനോടനുബന്ധിച്ച് 29 പാലങ്ങളും 60 ക്രോസിങ്ങുകളും 137 മലിനജല ചാനലുകളുമുണ്ട്. ദേശീയ റെയിൽ നിർമാണം പൂർത്തിയായാൽ അബുദാബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിൽ എത്താനാകും.


ഫുജൈറയിൽനിന്ന് ദുബായിലേക്ക് 50 മിനിറ്റും അബുദാബിയിൽനിന്ന് റുവൈസിലേക്ക് 70 മിനിറ്റും മതി. എമിറേറ്റുകൾ തമ്മിലുള്ള ദൂരം കുറയുന്നതോടൊപ്പം ചരക്കുനീക്കവും സജീവമാകും. റെയിൽ ശൃംഖലയുടെ സുപ്രധാനഭാഗമാണ് ഈ പാത. എമിറേറ്റുകൾ തമ്മിലും രാജ്യത്തുടനീളവുമായി യാത്രികരെയും ചരക്കുഗതാഗതവും സാധ്യമാക്കുന്നതാണ് ഇത്തിഹാദ് റെയിലിൽ. നിർമ്മാണം പൂർത്തിയായ അബുദബി-ദുബായ് റെയിൽപാതയിലൂടെ എന്നാണ് സർവിസ് തുടങ്ങുകയെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Post a Comment

0 Comments