മാണിക്കോത്ത് റെയിൽവെ മേൽപ്പാലം അനുവദിക്കണമെന്ന് അജാനൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് റെയിൽവെ മേൽപ്പാലം അനുവദിക്കണമെന്ന് അജാനൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി

 



അജാനൂർ : മാണിക്കോത്ത് റെയിൽവെ മേൽപ്പാലം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മാർച്ച് 3 ചേർന്ന അജാനൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി  പാസാക്കി. 

അജാനൂർ ഗ്രാമ പഞ്ചായത്തിലെ തീരദേശ വാർഡുകളായ 15, 16, 17, 18, 19 ,20 വാർഡുകളിലെ ജനങ്ങൾ വലിയ യാത്ര ക്ലേശമാണ് അനുഭവിക്കുന്നത്. പതിനായിരത്തിലധികം ആളുകൾ താമസിക്കുന്ന പ്രദേശത്ത് ആവശ്യമായ യാത്ര സൗകര്യം നിലവിൽ ഇല്ല. ഈ മേഖലയിലെ ജനങ്ങൾ ടൗണുമായി ബന്ധപ്പെടാൻ  തുളുച്ചേരി - അഴിത്തല റോഡിനെയാണ് ആശ്രയിക്കുന്നത്. അതുവഴിയാണെങ്കിൽ റെയിൽവെ ഗേറ്റ് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. കോട്ടച്ചേരി മേൽപ്പാലം യാഥാർത്ഥ്യമായെങ്കിലും പഞ്ചായത്തിലെ തീരദേശവാസികൾക്ക് പ്രയോജനമാവുന്നുമില്ല. പൊയ്യക്കരയിൽ താമസിക്കുന്ന ഒരാൾക്ക് ചാമണ്ഡികുന്ന് എത്തണമെങ്കിൽ റോഡ് മാർഗ്ഗം 20 km സഞ്ചരിക്കേണ്ടി വരുന്ന സ്ഥിതിയാണ് ഉള്ളത്. പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കാൻ മാണിക്കോത്ത് റെയിൽവെ മേൽപ്പാലം ആവശ്യമാണ്. കൂടാതെ നിർദ്ദിഷ്ട അജാനൂർ മത്സ്യബന്ധന തുറമുഖത്തിലേക്ക് ടൗൺ സ്പർശിക്കാതെ എളുപ്പത്തിൽ പോകണമെങ്കിലും  മേൽപ്പാലം യാഥാർത്ഥ്യമാകണം.. മാത്രവുമല്ല തീരദേശ ഹൈവേ വരാൻ പോകുന്നത് അജാനൂർ കടപ്പുറം - കൊത്തിക്കാൽ - ചിത്താരി കടപ്പുറം വഴിയാണ്. പ്രസ്തുത റോഡിനെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കാനും മാണിക്കോത്ത് മേൽപ്പാലം വന്നാൽ സാധിക്കും. പ്രസിദ്ധമായ ആരാധനാലയങ്ങൾ കൂടി ഉൾപ്പെടുന്ന പ്രദേശമായതു കൊണ്ട് തന്നെ ആയിരകണക്കിന് ആളുകളാണ് ഈ പ്രദേശത്ത് എത്തുന്നത്. അതുകൊണ്ട് തന്നെ പ്രസ്തുത പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും നാടിന്റെ വികസനം മുൻ നിർത്തിയും മേൽപ്പാലം നിർമ്മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് പഞ്ചായത്ത് ഭരണ സമിതി ഐക്യഖണ്ഠേന   പാസാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷാണ് പ്രമേയം അവതരിപ്പിച്ചത്. മെമ്പർമാർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. ബോർഡ് യോഗത്തിൽ പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു.


Post a Comment

0 Comments