ചൊവ്വാഴ്ച, മാർച്ച് 08, 2022

പ്രിയം നിറഞ്ഞ ആ പൂവ് കൊഴിഞ്ഞു വീണപ്പോൾ മലയാളക്കര ഒന്നാകെ ആ പുഷ്പം പകർന്നു നൽകിയ സുഗന്ധത്തിന്റെ ഊഷ്മളത നഷ്ടപ്പെട്ടതിന്റെ ദുഃഖ ഭാരത്തിൽ അക്ഷരാർത്ഥത്തിൽ കേഴുക തന്നെയാണ്.

അസുഖ ബാധിതനായിരുന്നു എന്ന കാര്യം അറിയാം എങ്കിലും മുസ്ലിം ലീഗിന്റെ നായകൻ പ്രിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇത്ര പെട്ടന്ന് വിട പറയും എന്ന് ഓർക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ആറ്റപ്പൂവ് എന്ന ഓമന പ്പേരിനെ അന്ന്വർത്ഥമാക്കുന്നത് തന്നെയായിരുന്നു തങ്ങളുടെ ജീവിത പാത. ആരെയും വെറുപ്പിക്കാത്ത,ക്ഷോഭം ഉണ്ടായാൽ പോലും മുഖം കറുപ്പിക്കാത്ത എന്നും സുസ്മേരവതനനായി കാണപ്പെടുന്ന സൗമ്യനായ തങ്ങൾ. സൗമ്യത തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര ! ശാന്ത ഗംഭീരനായ തേരാളി. രാഷ്ട്രീയ ആത്മീയ കാര്യത്തിൽ ഒരു പോലെ തിളങ്ങിയ പാണക്കാട്ടെ നക്ഷത്രം !            സുന്നി യുവ വിദ്യാർഥി സംഘടനയുടെ പ്രഥമ പ്രസിഡന്റ്‌ ആയി തുടങ്ങിയ പൊതു പ്രവർത്തനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ എന്ന പദവിയിൽ അവസാനിക്കുമ്പോൾ ആ ജീവിതം സംഭവബഹുലമായ ഒരുപാട് കർമപഥത്തിലൂടെ കടന്നു പോയി. പാണക്കാട് തറവാടിന്റെ പാരമ്പര്യം നിലനിർത്തി കൊണ്ട് തന്നെ പൊതു ജനങ്ങൾക്ക് സാന്ത്വനം നൽകി അവരുടെ തോഴനായി അദ്ദേഹം ജീവിച്ചു കാണിച്ചു തന്നു.സംസ്ഥാനത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലിം ലീഗിനെ 12 വർഷകാലത്തോളം ധീരമായി നയിച്ച പ്രസിഡന്റ്‌ ആയിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. ഒപ്പം തന്നെ ആയിരത്തിലധികം പള്ളി മഹല്ലുകളുടെ ആത്മീയ നേതാവായും ഏറ്റവും വലിയ മുസ്ലിം പണ്ഡിത സംഘടയായ സമസ്ത കേരള ജംഇയത്തുൽ ഉലമ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാദി സ്ഥാനം അലങ്കരിച്ച വ്യക്തി ഹൈദർ അലി തങ്ങളാണ്.1977 ൽ പുല്പറ്റ പഞ്ചായത്തിലെ പൂക്കൊള്ളൂർ മഹല്ല് പള്ളിയുടെയും മദ്റസയുടെയും പ്രസിഡന്റ്‌ ആയി തുടക്കം കുറിച്ച ആ സാരഥിയം പിന്നീട് ആയിരത്തിൽ അധികമായി വളർന്നു വന്നു. അങ്ങനെ കേരളത്തിൽ ഏറ്റവും അധികം മത, ഭൗതിക കലാലയങ്ങളുടെയും അനാഥ ശാലകളുടെയും അമരക്കാരനായി തങ്ങൾ.

ഓരോ സന്ദർഭം അനുസരിച്ചു സൌമ്യയതയുടെ പര്യായമായും മറ്റ് ചിലപ്പോൾ നന്മക്കായി കർശന സ്വഭാവക്കാരനായും അദ്ദേഹം മാറാറുണ്ട്. എന്നും പാവങ്ങളുടെ കണ്ണീർ ഒപ്പാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമാകും മുഖ്യ പരിഗണന. ലളിത ജീവിതം കൊണ്ട് വിസ്മയം തീർത്ത, മറ്റുള്ളവരുടെ വാക്കുകൾക്കും അഭിപ്രായങ്ങൾക്കും വില കൊടുത്ത പണ്ഡിതൻ കൂടിയായിരുന്നു ഹൈദരാലി ശിഹാബ് തങ്ങൾ.

രാഷ്ട്രീയ രംഗത്തും പൊതു സമൂഹത്തിലും വർഗീയ സങ്കുചിത ചിന്തകളും ആശയങ്ങളും തീവ്രമായ രീതിയിൽ അഴിഞ്ഞാടുന്ന ഈ ഘട്ടത്തിൽ തീർച്ചയായും സൗമ്യനായ തങ്ങളുടെ അഭാവം വല്ലാത്ത ശൂന്യത സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.

മുസ്ലിം ലീഗിനെ സംബന്ധിച്ച് തീരാ നഷ്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

മുസ്ലിം ലീഗ് പ്രവർത്തകർ ആത്മ സംയമനം പാലിച്ചു കൊണ്ട് ഈ വിഷമ ഘട്ടം തരണം ചെയ്യേണ്ടതുണ്ട്. ഹൈദരലി തങ്ങൾ നയിച്ച പാതയിലൂടെ കൂടുതൽ കരുത്തോടെ പുതിയ സാരഥിയായ സാദിഖലി ശിഹാബ് തങ്ങൾക്കു ശക്തി പകരുവാൻ മുന്നോട്ടു നീങ്ങാം.

ഹൈദരലി ശിഹാബ് തങ്ങളുടെ പരലോകം സർവ്വ ശക്തൻ വിശാലാമാക്കുമാറാകട്ടെ എന്ന് പ്രാർഥിക്കാം.  

ബഷീർ ചിത്താരി

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ