ഹിജാബ് ധരിച്ചെത്തിയ വനിതയ്ക്ക് പ്രവേശം നിഷേധിച്ചു; ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടി

ഹിജാബ് ധരിച്ചെത്തിയ വനിതയ്ക്ക് പ്രവേശം നിഷേധിച്ചു; ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടി

 



ഹിജാബ് ധരിച്ച യുവതിക്ക് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ റെസ്റ്റോറന്റ് അധികൃതർ അടച്ചുപൂട്ടി. ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ അദ്ലിയയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ലാന്റേണ്‍സ് റസ്റ്ററന്റാണ് അടച്ചു പൂട്ടിയത്.


റസ്റ്ററന്റിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി അധികൃതര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നടപടി.


നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ നടപ്പാക്കരുതെന്നും അതോറിറ്റി ടൂറിസം ഔട്ട്‌ലെറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. ആളുകളോട് വിവേചനം കാണിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി റെസ്റ്റോറന്റ് അധികൃതർ രംഗത്ത് എത്തി.


ഇങ്ങനെയൊരു ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത് തങ്ങളുടെ അറിവോടെയല്ലായെന്നാണ് ലാന്റേണ്‍സ് റെസ്‌റ്റോറന്റ് മാനേജ്‌മെന്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കഴിഞ്ഞ 35 വര്‍ഷമായി ബെഹ്‌റനില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ എല്ലാ രാജ്യക്കാരായ കസ്റ്റമേഴ്‌സിനെയും ഒരേപോലെ സ്വീകരിക്കുന്നവരാണ്. ഏതൊരാള്‍ക്കും അവരുടെ കുടുംബവുമായി വന്ന് സ്വന്തം വീട്ടിലെന്നപോലെ ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് ലാന്റേണ്‍സ് എന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു. തെറ്റ് ചെയ്ത മാനേജറെ സസ്‌പെന്‍ഡ് ചെയ്തതായും മാനേജ്മെന്റ് വ്യക്തമാക്കി.

Post a Comment

0 Comments