കൊടക്കാട് മാഷ് നാളെ പടിയിറങ്ങുന്നു; ആശയങ്ങൾ കൊണ്ട് നിർമ്മിച്ച അത്ഭുതങ്ങൾ ബാക്കിയാക്കി

LATEST UPDATES

6/recent/ticker-posts

കൊടക്കാട് മാഷ് നാളെ പടിയിറങ്ങുന്നു; ആശയങ്ങൾ കൊണ്ട് നിർമ്മിച്ച അത്ഭുതങ്ങൾ ബാക്കിയാക്കി

 



കാഞ്ഞങ്ങാട്: കയറി ചെല്ലുന്ന വിദ്യാലയങ്ങളിലെല്ലാം  അത്‌ഭുതങ്ങൾ സമ്മാനിച്ച്  പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തു പകർന്ന കൊടക്കാട് നാരായണൻ മാഷ് നാളെ (വ്യാഴം) അധ്യാപന ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നു. കൊടക്കാട് ഗവ. വെൽഫേർ സ്കൂളിൽ നിന്ന് തുടങ്ങിയ വിദ്യാഭ്യാസ നവോത്ഥാന യാത്ര മൂന്നര പതിറ്റാണ്ടിന്റെ ചരിത്രം രചിച്ച് മേലാങ്കോട്ടാണ് കൊടിയിറങ്ങുന്നത്..ജനകീയ പങ്കാളിത്തത്തിലൂടെ  വിദ്യാലയ വികസനത്തിന് പുതിയ പാതകൾ തുറക്കാൻ  ആവിഷ്കരിച്ച  കൊടക്കാട് ടച്ച് സ്വീകരിക്കാനും വ്യാപിപ്പിക്കാനും മുന്നോട്ട് വന്ന വിദ്യാലയങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിരവധി. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയങ്ങളെ ഉയരങ്ങളിലേക്കെത്തിച്ചതിന് അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങൾക്ക് കയ്യും കണക്കുമില്ല.  അധ്യാപകനായും പ്രധാന അധ്യാപകനായും ചെന്നെത്തിയ വിദ്യാലയങ്ങളെയെല്ലാം മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റിക്കൊണ്ടാണ് കൊടക്കാട് നാരായണൻ മാസ്റ്റർ ഈ 31 ന് മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ:യു .പി സ്ക്കൂളിൽ നിന്നും വിരമിക്കുന്നത്.


1984 ൽ ഉദിനൂർ കടപ്പുറം ഗവ.യു.പി.യിൽ താൽക്കാലിക അധ്യാപകനായാണ് ആദ്യ നിയമനം. ഗവ.എൽ.പി.സ്കൂൾ ചേറ്റുകുണ്ട് കടപ്പുറം, ഗവ.ഹൈസ്കൂൾ ബെള്ളൂർ എന്നിവിടങ്ങളിലും ഒന്നര വർഷത്തിലേറെക്കാലം ജോലി ചെയ്തു.

1987 ൽ  ഹൊസ്ദുർഗ് കടപ്പുറം ഗവ.യു.പി.സ്കൂളിൽ  സ്ഥിര നിയമനം ലഭിച്ചു. സ്വന്തം നാടായ കൊടക്കാട് ഗവ.വെൽഫേർ യു.പി.സ്ക്കൂളിനെ  പുതിയ പരീക്ഷണങ്ങളുടെ തട്ടകമാക്കി മാറ്റി,പതിമൂന്ന് വർഷം അവിടെ അധ്യാപന ജീവിതം തുടർന്നു. കൊടക്കാട്ടെ പഠനോദ്യാനത്തിലെ വേറിട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും പഠിക്കാനും സാഹിത്യ വിമർശകൻ കെ.പി.ശങ്കരന്റെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിലെ (എൻ.സി.ഇ.ആർ.ടി.)മൂന്നംഗ സംഘം സ്കൂളിൽ മൂന്ന് ദിവസം ക്യാമ്പ് ചെയ്തു. മിനിമം ലവൽ ലേണിംഗ് പദ്ധതിയിലും  പാഠപുസ്തക പരിഷ്കരണത്തിലും  കൊടക്കാട് മാതൃക സ്വീകരിച്ചു.

2005 ൽ പ്രഥമാധ്യാപകനായി ഗവ.എൽ.പി.സ്കൂൾ ചാത്തങ്കൈയിലെത്തി. അവിടെ പുതു വർഷം പുതുവസന്തം എന്ന പരിപാടിക്ക് തുടക്കമിട്ടു.

ഗവ.യു.പി. കൂട്ടക്കനിയിൽ കൂട്ടക്കനി കൂട്ടായ്മ,ഗവ.യു.പി. ബാരയിൽ ബാരയിലൊരായിരം മേനി,  ഗവ.യു.പി. മുഴക്കോത്ത് മുഴക്കോം: മികവിന്റെ മുഴക്കം, ഗവ.യു.പി. കാഞ്ഞിരപ്പൊയിലിൽ കാഞ്ഞിരപ്പൊയിൽ കാര്യക്ഷമതയിലേക്ക് ഒരു കാൽവെയ്പ് , ഗവ.എൽ.പി. മൗക്കോട്,മൗക്കോട് : മികവാണ് മുഖ്യം ഗവ.യു.പി. അരയിയിൽ അരയി : ഒരുമ യുടെ തിരുമധുരം, എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി. മേലാങ്കോട്ട് മേലാങ്കോട്ട് : മുന്നോട്ട് എന്നീ പരിപാടികൾ ആവിഷ്ക്കരിച്ചു. എത്തിയ വിദ്യാലയങ്ങളെയെല്ലാം ഭൗതികവും അക്കാദമിക പരവുമായ ഉന്നതിയിലേക്ക് എത്തിച്ചാണ് മാഷിൻ്റെ മടക്കം.

ഓരോ വിദ്യാലയത്തിലെയും മികവുകൾ ദേശീയ സെമിനാറുകളിൽ അവതരിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്കരണ ഭാഗമായി രണ്ടാഴ്ചക്കാലം മൈസൂരിൽ  സംഘടിപ്പിച്ച ദേശീയ ശില്പശാലയിൽ പങ്കെടുത്ത ഏക പ്രൈമറി അധ്യാപകൻ, ജില്ലാ വിദ്യാഭ്യാസ സമിതിയംഗം, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ കർമ്മ സമിതിയംഗം, മടിക്കൈ പഠനോത്സവത്തിൻ്റെ അക്കാദമിക കമ്മറ്റി ചുമതല, ജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷൻ സെക്രട്ടരി , പിലിക്കോട് ഗ്രാമ പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്ത് വിദഗ്ധ സമിതിയംഗം , വിഭവ ഭൂപട നിർമ്മാണത്തിലും ജനകീയാസൂത്രണ പദ്ധതിയിലും മുഴുവൻ സമയ പ്രവർത്തനം, സമ്പൂർണ്ണ സാക്ഷരതാ യജ്ഞം അസി.പ്രൊജക്ട് ഓഫീസർ, ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം, ജില്ലാ സെക്രട്ടരി എന്നീ നിലകളിൽ പ്രവർത്തിച്ചു.2015 ൽ ദേശീയ അധ്യാപക അവാർഡും, നീലേശ്വരം ഇ.എം.എസ് പഠന കേന്ദ്രം ജനകീയ അധ്യാപക അവാർഡ്, നീലേശ്വരം റോട്ടറി നാഷണൽ ബിൽഡർ അവാർഡ്, കൃഷി വകുപ്പ് സ്കൂൾ പച്ചക്കറി കൃഷിക്ക് പ്രധാനാധ്യാപകനുള്ള ജില്ലാതല അവാർഡ്, പി.എൻ.പണിക്കർ ഫൗണ്ടേഷൻ സമഗ്ര സംഭാവന അവാർഡ്, തുളുനാട് കൃഷ്ണചന്ദ്ര സ്മാരക സമഗ്ര വിദ്യാഭ്യാസ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

2018 ലെ പ്രളയത്തിൽ ആഗസ്ത് 12 ന് തന്നെ ഒരു മാസത്തെ ശമ്പളം ഫസ്റ്റ് സാലറി ചാലഞ്ച്, കോവിഡ് മുഖ്യമന്ത്രിയുടെ പ്രശംസാപത്രം നേടി. 3 വർഷമായി രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. രണ്ടു ദിവസത്തെ വരുമാനം പാവപ്പെട്ട രോഗികളുടെ ചികിത്സാ സഹായത്തിനായി മാറ്റിവെക്കുന്നു. പ്രളയത്തിൽ തകർന്ന ചാലക്കുടി നഗരസഭയുടെ പുനർ നിർമാണത്തിന് അരയി  വൈറ്റ് ആർമിയുടെ നേതൃത്വത്തിൽ അമ്പതംഗ വിദഗ്ദ്ധ സേനയെ നയിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഒരു ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

കൊടക്കാട് പടിഞ്ഞാറെക്കരയിലെ പരേതരായ ശേഖരൻ നമ്പിയുടേയും  ദേവിയമ്മയുടേയും മകനാണ്. ഭാര്യ: വിജയശ്രീ മക്കൾ : അരുൺ , വരുൺ


Post a Comment

0 Comments