മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും; നാളെ മുതൽ പോലീസ് പരിശോധന

LATEST UPDATES

6/recent/ticker-posts

മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും; നാളെ മുതൽ പോലീസ് പരിശോധന

 


തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മാസ്‌ക് നിർബന്ധമാക്കിയതിന്റെ പശ്‌ചാത്തലത്തിൽ നാളെ മുതൽ പോലീസ് പരിശോധന ആരംഭിക്കും. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയത്. പരിശോധന പുനരാരംഭിക്കാനും പിഴ ഈടാക്കാനും ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകി.


മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനയും രാത്രികാല പരിശോധനയും തുടർന്നേക്കും. ഇക്കാര്യത്തിൽ വ്യക്‌തത വരുത്തി ഡിജിപി ഉത്തരവിറക്കും. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ രണ്ട് വർഷത്തോളം ഇത്തരം പരിശോധനകൾ നിർത്തിയിരുന്നു. കോവിഡിന്റെ ആദ്യഘട്ടത്തിൽ മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ 200 രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്. പിന്നീട് ഇത് 500 രൂപയാക്കി ഉയർത്തുകയായിരുന്നു.

സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തിയതോടെയാണ് മാസ്‌ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്. നേരത്തെ കോവിഡ് കേസുകൾ കുറഞ്ഞതോടെ സംസ്‌ഥാനത്ത്‌ മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ ഒഴിവാക്കിയിരുന്നു. എന്നാൽ, പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഇതുമൂലമാണ് കേരളത്തിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.


ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7,039 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. പഴയ മരണം ഇപ്പോഴും പട്ടികയിൽ കയറ്റുന്നതിനാൽ മരണക്കണക്കിലും കേരളം മുന്നിൽ തന്നെയാണ്. രണ്ടാഴ്‌ച മുമ്പ് കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് കേരളം നിർത്തിയിരുന്നു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250നും 350നും ഇടയിൽ കേസുകൾ കേരളത്തിൽ റിപ്പോർട് ചെയ്യുന്നുണ്ട്.

Post a Comment

0 Comments