അമിതമായി പണം ഈടാക്കിയ അക്ഷയകേന്ദ്രം കലക്ടര്‍ പൂട്ടിച്ചു

LATEST UPDATES

6/recent/ticker-posts

അമിതമായി പണം ഈടാക്കിയ അക്ഷയകേന്ദ്രം കലക്ടര്‍ പൂട്ടിച്ചു

 

ശ്രീകണ്ഠപുരം: സേവനങ്ങള്‍ക്ക് അമിത ചാര്‍ജ് ഈടാക്കിയ എ.എം. ഹമീദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ശ്രീകണ്ഠപുരത്തെ അക്ഷയ കേന്ദ്രം കലക്ടര്‍ പൂട്ടിച്ചു. നിരന്തര പരാതികളുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ഇ-ഗവേണന്‍സ് സൊസൈറ്റി ജനറല്‍ബോഡിയോഗം അക്ഷയ കേന്ദ്രം പൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിടിയേങ്ങയിലേക്കാണ് അക്ഷയകേന്ദ്രം അനുവദിച്ചത്. എന്നാല്‍, ഇതു വര്‍ഷങ്ങളായി ശ്രീകണ്ഠപുരം ടൗണില്‍ അനധികൃതമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. നേരത്തേ തന്നെ അനധികൃതമായി പണം ഈടാക്കുന്നതായി സ്ഥാപനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. നിരവധി പേരാണ് കലക്ടര്‍ക്കും അക്ഷയ ഡയറക്ടര്‍ക്കും പരാതി നല്‍കിയത്.

വ്യാജ സർട്ടിഫിക്കറ്റ് നിർമാണം, വ്യാജ സീൽ നിർമാണം എന്നീ ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് പ്രമേയം പാസാക്കി നേരത്തെ തദ്ദേശ സ്ഥാപന സെക്രട്ടറിയും അധികൃതർക്ക് കത്ത് നൽകിയിരുന്നു. കൂടാതെ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിൽ മാത്രം എട്ട് ക്രിമിനൽ കേസുകൾ ഉള്ളതായി സ്റ്റേഷൻ ഹൗസ് ഓഫിസറുടെ 2018 ലെ റിപ്പോർട്ടും കലക്ടർക്ക് ലഭിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നടപടി. സ്ഥാപനത്തിലെ അക്ഷയ ബോർഡും മറ്റും നീക്കം ചെയ്തുവെന്ന് ഉറപ്പു വരുത്താൻ ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൂടാതെ നിടിയേങ്ങയിൽ പുതിയ സംരംഭകനെ തെരഞ്ഞെടുക്കാനുള്ള നടപടിയും സ്വീകരിക്കാമെന്ന് ഉത്തരവിൽ പറയുന്നു. കഴിഞ്ഞയാഴ്ച ശ്രീകണ്ഠപുരം നഗരസഭ ഓഫിസില്‍ പുതിയ ജനസേവനകേന്ദ്രം തുടങ്ങാന്‍ നഗരസഭ യോഗം തീരുമാനിച്ചിരുന്നു.

Post a Comment

0 Comments