പുതുചരിത്രമെഴുതി പൊതുവിദ്യാലയങ്ങൾ, അനുഭവങ്ങൾ പങ്കുവെച്ച് മുക്കൂട് സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ

LATEST UPDATES

6/recent/ticker-posts

പുതുചരിത്രമെഴുതി പൊതുവിദ്യാലയങ്ങൾ, അനുഭവങ്ങൾ പങ്കുവെച്ച് മുക്കൂട് സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ

 


മുക്കൂട്: അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന്, മലയാളം മീഡിയത്തിലൂടെ അക്കാദമികമികവിന്റെ നെറുകയിലേറിയ  പൊതുവിദ്യാലയങ്ങളുടെ  അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മുക്കൂട് ഗവ: എൽ.പി.സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ പൊതുവിദ്യാഭ്യാസസംരഷണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതായി.

      ഇച്ഛാശക്തിയുളള നേതൃത്വവും ,അർപ്പണബോധമുള്ള അധ്യാപകക്കൂട്ടവും പിന്തുണയ്ക്കാൻ കുറച്ചെങ്കിലും രക്ഷിതാക്കളും പൊതുപ്രവർത്തകരും ഉണ്ടെങ്കിൽ ഏതൊരു പൊതുവിദ്യാലയത്തിനും അസൂയാവഹമായ നേട്ടങ്ങളുണ്ടാക്കാൻ കഴിയും എന്നതിന്റെ തെളിവാണ് 'പുതു ചരിത്രമെഴുതി പൊതു വിദ്യാലയങ്ങൾ ' എന്ന സെഷനിൽ അനുഭവ സാക്ഷ്യം അവതരിപ്പിച്ച GLPS ചെറിയാക്കര, GUPS പാടിക്കീൽ , ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി.സ്കൂൾ ചന്തേര, GLPS മാവിലാ കടപ്പുറം, GLPS മുക്കൂട് എന്നീ വിദ്യാലയങ്ങൾ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപപ്പെട്ട സമഗ്ര വിദ്യാലയ വികസന രേഖയുടെയും അക്കാദമിക മാസ്റ്റർ പ്ലാനിന്റെയും ചുവടു പിടിച്ചാണ് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനും,ഇംഗ്ലീഷ് മീഡിയത്തെ പടിക്കു പുറത്ത് നിർത്തിക്കൊണ്ട് മികവാർന്ന പ്രവർത്തനങ്ങളിലൂടെ ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടാക്കാനും , മികച്ച അക്കാദമിക നിലവാരത്തിലേക്കുയരാനും ഈ വിദ്യാലയങ്ങൾക്കായത്. എം. മഹേഷ്കുമാർ , വി.വി.മാധവൻ, ഉഷ കണ്ണോത്ത്, വിനയൻ പിലിക്കോട്, ഒയോളം നാരായണൻ എന്നിവരാണ് തങ്ങളുടെ വിദ്യാലയങ്ങളുടെ അനുഭവങ്ങൾ സെമിനാറിൽ പങ്കു വെച്ചത്.

    കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീബ ഉമ്മർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

     പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളിയായ ഡോ: ടി.പി. കലാധാരൻ 'പാഠ്യപദ്ധതി പരിഷ്കരണവും നവകേരളവും - പ്രതീക്ഷകൾ, പ്രതിസന്ധികൾ'  എന്ന വിഷയവും, എസ്.സി.ഇ.ആർ.ടി യിലെ റിസർച്ച് ഓഫീസർ രാജേഷ്.എസ്. വള്ളിക്കോട് 'മാതൃഭാഷയിലൂടെയുള്ള പഠനവും സർഗാത്മക ക്ലാസ്സ് മുറികളും ' എന്ന വിഷയവും അവതരിപ്പിച്ചു. കാസർഗോഡ് ഡയറ്റ് ലക്ചറർ വിനോദ് കുമാർ കുട്ടമത്ത് മോഡറേറ്ററായിരുന്നു.  

              വിവിധ വിഷയങ്ങളോട് പ്രതികരിച്ചു കൊണ്ട് എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ രജ്ഞിത്ത്.കെ.പി , ബേക്കൽ ബി.ആർ.സിയിലെ  ബി.പി.സി 

ദിലീപ്കുമാർ.കെ.എം, കരിച്ചേരി ഗവ.യു.പി.സ്കൂൾ അധ്യാപകൻ പി. ജനാർദനൻ , വിവിധ ജില്ലകളിൽ നിന്നെത്തിയ അധ്യാപികമാരായ വി.എസ് ബിന്ദു (തിരുവനന്തപുരം), ഷുഹൈബ (കോഴിക്കോട് ), കെ.എം സരസ്വതി (കണ്ണൂർ ), മുക്കൂട് സ്കൂൾ പി.ടി.എ.പ്രസിഡണ്ട് റിയാസ് അമലടുക്കം എന്നിവർ സംസാരിച്ചു.

അധ്യാപകരും രക്ഷിതാക്കളും     പൊതുപ്രവർത്തകരും ഉൾപ്പെടെ 120 പേർ സെമിനാറിൽ പൂർണ്ണ സമയവും പങ്കെടുത്തു.

         പ്രോഗ്രാം കമ്മറ്റി കൺവീനർ ധനുഷ്.എം.എസ് സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡണ്ട് രാജേഷ് പി.വി നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എം.ബാലകൃഷ്ണൻ ,

ജനറൽ കൺവീനർ സുജിത. എ.വി , വിദ്യാലയവികസന സമിതി വൈസ് ചെയർമാൻ എം. മൂസാൻ, മദർ പി.ടി.എ പ്രസിഡണ്ട് സൗമ്യ ശശി, എസ്.ആർ.ജി.കൺവീനർ ദിവ്യ എം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments