യൂറോ കപ്പ് - കോപ്പ അമേരിക്ക ചാമ്പ്യൻമാരുടെ പോരാട്ടമായ 'ഫൈനലിസിമ'യിൽ ജയം അർജന്റീനയ്ക്ക്

LATEST UPDATES

6/recent/ticker-posts

യൂറോ കപ്പ് - കോപ്പ അമേരിക്ക ചാമ്പ്യൻമാരുടെ പോരാട്ടമായ 'ഫൈനലിസിമ'യിൽ ജയം അർജന്റീനയ്ക്ക്


 വെംബ്ലി: യൂറോ കപ്പ് - കോപ്പ അമേരിക്ക ചാമ്പ്യൻമാരുടെ പോരാട്ടമായ 'ഫൈനലിസിമ'യിൽ ജയം അർജന്റീനയ്ക്ക്. വ്യാഴാഴ്ച പുലർച്ചെ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീന കിരീടമുയർത്തി. ഇതോടെ തുടർച്ചയായി 32 മത്സരങ്ങൾ പരാജയമറിയാതെ പൂർത്തിയാക്കാൻ അർജന്റീനയ്ക്കായി. 29 വർഷങ്ങൾക്ക് ശേഷമാണ് കോപ്പ-യൂറോ കപ്പ് ജേതാക്കൾ ഏറ്റുമുട്ടുന്ന മത്സരം നടക്കുന്നത്.

തുടക്കം മുതൽ തന്നെ അർജന്റീന നിയന്ത്രണമേറ്റെടുത്ത കളിയിൽ ഇറ്റലിക്ക് മിക്ക സമയവും കാഴ്ചക്കാരുടെ റോളായിരുന്നു. പുതുമുഖങ്ങൾക്ക് അവസരം നൽകി കോച്ച് റോബർട്ടോ മാൻചീനി ഇറക്കിയ ഇറ്റാലിയൻ ടീമിനെതിരേ 28-ാം മിനിറ്റിൽ തന്നെ ലൗറ്റാരോ മാർട്ടിനസിലൂടെ അർജന്റീന മുന്നിലെത്തി. ലയണൽ മെസ്സി മികച്ച മുന്നേറ്റത്തിനൊടുവിൽ നൽകിയ പന്ത് മാർട്ടിനസ് ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ ആദ്യ പകുതിയുടെ അധികസമയത്ത് ഏയ്ഞ്ചൽ ഡി മരിയ കോപ്പ ജേതാക്കളുടെ ലീഡുയർത്തി. മാർട്ടിനസ് നൽകിയ പാസ് സ്വീകരിച്ച ഡി മരിയ ഇറ്റാലിയൻ ഗോളി ഡൊണ്ണരുമ്മയെ കാഴ്ചക്കാരനാക്കി പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ നിരവധി തവണ അർജന്റീന ഗോളിനടുത്തെത്തിയെങ്കിലും പലപ്പോഴും ഫിനിഷിങ്ങിലെ പിഴവും ഗോളി ഡൊണ്ണരുമ്മയുടെ മികവും അവർക്ക് തിരിച്ചടിയാകുകയായിരുന്നു. ഒടുവിൽ ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മെസ്സിയുടെ ഒരു മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ച പൗലോ ഡിബാല അർജന്റീനയുടെ ഗോൾപട്ടിക തികച്ചു.

ഈ മത്സരത്തോടെ ഇറ്റലിയുടെ ഇതിഹാസ താരം ജോർജിയോ ചെല്ലിനി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2004-ൽ ഇറ്റലിയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ ചെല്ലിനി 117 മത്സരങ്ങളിൽ രാജ്യത്തിനായി ബൂട്ടുകെട്ടി.

Post a Comment

0 Comments