കരിപ്പൂരിൽ മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി; കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

കരിപ്പൂരിൽ മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി; കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

 



കരിപ്പൂരിൽ  വീണ്ടും പോലീസിൻ്റെ സ്വർണ വേട്ട. മലദ്വാരത്തിൽ മൂന്നു കാപ്സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച  രണ്ട് പേരും പിടിയിലായി. കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ്, കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് കെ.പി. എന്നിവരാണ് പിടിയിലായത്.


ബുധനാഴ്ച പുലർച്ചെ ബഹറിനിൽ നിന്ന് വന്ന ജി.എഫ്. 260ലെ യാത്രക്കാരനായിരുന്നു റൗഫ്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റൗഫിനെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വരികയായിരുന്നു. ചോദ്യം ചെയ്തപ്പോൾ, സ്വർണം കൊണ്ടു വന്ന കാര്യം പക്ഷേ റൗഫ് സമ്മതിച്ചില്ല. എന്നാൽ എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ക്യാപ്സ്യൂളുകൾ തെളിഞ്ഞു.


മൂന്നു ക്യാപ്സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് റൗഫ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാൽ സ്വർണക്കടത്ത് സംഘം ഇയാളെ ഫോണിൽ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാൾക്ക് നൽകിയ നിർദേശം. വിളിക്കുന്ന ആളുകൾക്ക് സ്വർണം നൽകാനായിരുന്നു ഇയാളോട് പറഞ്ഞിരുന്നത്.


ബുധനാഴ്ച രാവിലെ 8.05 ന് ബഹറിനിൽ നിന്ന് വന്ന മസ്ക്കറ്റ് ഫ്ലൈറ്റിലെ യാത്രക്കാരനായ കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് എന്നയാളെയും സംശയം തോന്നി പോലീസ് വിമാനത്താവളത്തിന് പുറത്തുള്ള എയ്ഡ് പോസ്റ്റിലേക്ക് കൊണ്ട് വരികയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പക്ഷേ ഇയാൾ സ്വർണം കടത്തിയത് സമ്മതിച്ചില്ല. തുടർന്ന് എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ക്യാപ്സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. മൂന്ന് ക്യാപ്സ്യൂളുകളിൽ 766 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.


കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂരിൽ പോലീസ് പിടികൂടിയത്. 17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വർണം ഇക്കാലയളവിൽ പോലീസ് വിമാനത്താവളത്തിന് മുൻപിലെ എയ്ഡ് പോസ്റ്റ് വഴി പിടികൂടി. കസ്റ്റംസിന് പുറമെ പോലീസ് കൂടി സ്വർണം പിടികൂടാൻ തുടങ്ങിയതോടെ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ മറ്റ് പല വഴികളും ആലോചിച്ചു തുടങ്ങി. കഴിഞ്ഞമാസം മൈക്രോവേവ് ഓവനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും പോലീസ് കണ്ടെത്തിയിരുന്നു.


ദുബായിൽ നിന്നുമെത്തിയ തലശ്ശേരി സ്വദേശി ഗഫൂർ മൈക്രോവേവ് ഓവനിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സമീപകാലത്ത് പിടികൂടിയതിൽ വേറിട്ട സ്വർണം കടത്ത് ശ്രമമാണിത്. 1.599 കിലോഗ്രാം തൂക്കമുള്ള സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി എത്തിച്ചേർന്ന ഇയാളെ പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു.


സ്വർണക്കട്ട മൈക്രോവേവ് ഓവനിൽ ഒളിപ്പിച്ചിട്ടുണ്ട് എന്ന് ഇയാൾ സമ്മതിച്ചു. മൈക്രോ വേവ് ഓവൻ്റെ ഉള്ളിലെ ട്രാൻസ്ഫോർമർ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ട്രാൻസ്ഫോർമറിന്റെ ഉള്ളിൽ പ്രത്യേക അറ ഉണ്ടാക്കി അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

Post a Comment

0 Comments