കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്‍റെ മാംസം വിറ്റു; ഇറച്ചിക്കട അധികൃതർ അടപ്പിച്ചു

കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്‍റെ മാംസം വിറ്റു; ഇറച്ചിക്കട അധികൃതർ അടപ്പിച്ചു

 


തൃശൂർ: കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്‍റെ മാംസം വിറ്റെന്ന പരാതിയെ തുടർന്ന് ഇറച്ചിക്കട അധികൃതർ അടപ്പിച്ചു. ചളിങ്ങാട് സ്വദേശി ഷാജി എന്നയാളുടെ കടയാണ് ആരോഗ്യവകുപ്പ് അധികൃതർ പൂട്ടിച്ചത്. പരിശോധന നടത്തിയ ശേഷമാണ് അധികൃതർ കട പൂട്ടാൻ പൊലീസിന് നിർദേശം നൽകിയത്. തളിക്കുളം മൂന്നാം വാർഡിൽ ഇതര സംസ്ഥാന തൊഴിലാളി വളർത്തിയിരുന്ന പോത്ത് കഴിഞ്ഞ ദിവസം കയർ കുരുങ്ങി ചത്തിരുന്നു. ഈ പോത്തിനെയാണ് ഷാജി വിറ്റതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്.


സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതോടെയാണ് ആരോഗ്യവിഭാഗം പരിശോധനയുമായി എത്തിയത്. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഇറച്ചി പിടിച്ചെടുത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന ഇറച്ചിക്കട ഉടമ ഷാജി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Post a Comment

0 Comments