ദുബൈയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍ : മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തു

LATEST UPDATES

6/recent/ticker-posts

ദുബൈയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍ : മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തു

 


ദുബൈയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ഇന്നലെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.  സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ മുന്നോട്ടു വന്നതിനെ തുടര്‍ന്നാണ് റീപോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.  കുറ്റിപ്പുറം രാങ്ങാട്ടൂര്‍ കുന്നക്കാട്ട് അബൂബക്കറിന്റെ മകള്‍ അഫീല (27) യെയാണ് ദുബൈ അല്‍സലീല സ്ട്രീറ്റിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ അഡിമിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന കടലുണ്ടി നഗരം ആനങ്ങാടി വയല്‍പീടിയേക്കല്‍ റാസിഖ് (28) ആണ് അഫീലയുടെ ഭര്‍ത്താവ്.  


2014ലായിരുന്നു ഇവരുടെ വിവാഹം. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അഫീലയും നാലുവയസ്സുകാരന്‍ മകനും ഭര്‍ത്താവിനടുത്തേക്ക് പോയത്.  ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും പലതവണ ഭര്‍ത്താവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ പരിക്കുകള്‍ ഫോട്ടോയെടുത്ത് അഫീല നാട്ടിലെ സുഹൃത്തിന് അയച്ചു നല്‍കിയിരുന്നു.  ഇക്കഴിഞ്ഞ ജൂണ്‍ 10ന് രാത്രിയാണ് അഫീലയെ താമസ സ്ഥലത്തെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  അടുക്കളയിലെ ചുമരില്‍ സ്‌ക്രൂ ചെയ്ത ഹുക്കില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.  ഒട്ടും ഉറപ്പില്ലാത്ത ഈ ഹുക്കില്‍ തൂങ്ങി മരിച്ചുവെന്നത് വിശ്വസനീയമല്ലെന്നും ഈ ഹുക്കില്‍ തൂങ്ങിയാല്‍ കാലുകള്‍ തറയില്‍ മുട്ടുമെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു.  ദുബൈയിലെ സുഹൃത്തുക്കള്‍ വഴി ഖത്തറിലുള്ള ബന്ധുക്കളും മറ്റും എത്തിയപ്പോഴേക്കും ഭര്‍ത്താവ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  


ദുബൈയില്‍ പോസ്റ്റുമോര്‍ട്ടം നടന്നെങ്കിലും അതിന്റെ രേഖകള്‍ തങ്ങള്‍ക്കി കിട്ടിയില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.  തുടര്‍ന്നാണ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയത്.  മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി.  ഇന്നലെ പുലര്‍ച്ചെ നാലര മണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിച്ച മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിക്കുകയായിരുന്നു.  തിരൂര്‍ തഹസീല്‍ദാര്‍ പി ഉണ്ണി ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി രാങ്ങാട്ടൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

Post a Comment

0 Comments