ജനാധിപത്യ രീതിയിൽ മുക്കൂട് സ്കൂളിൽ ലീഡർ തെരഞ്ഞെടുപ്പ്

ജനാധിപത്യ രീതിയിൽ മുക്കൂട് സ്കൂളിൽ ലീഡർ തെരഞ്ഞെടുപ്പ്

 



പള്ളിക്കര: മുക്കൂട്  ഗവ. എൽ പി സ്കൂളിൽ ഓഗസ്റ്റ് 1 തിങ്കളാഴ്ച ജനാധിപത്യ രീതിയിൽ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ നാലാം ക്ലാസ് വിദ്യാർഥിയായ ദൈവിക് ഷൈജു സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിന് അവർക്ക് അവസരം നൽകുന്നതിനും വേണ്ടിയാണ് 10 ദിവസങ്ങൾ നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയ സ്കൂളിൽ നടത്തിയത്.


23.07.2022 ന് സ്കൂൾ പ്രഥമാധ്യാപികയും ചീഫ് ഇലക്ഷൻ കമ്മീഷണറുമായ ശ്രീമതി. ജയന്തി ടീച്ചർ പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം 26.07.2022 ന് തന്നെ മൂന്ന് വിദ്യാർത്ഥികൾ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 'കുട' ചിഹ്നത്തിൽ ശബരീനാഥ് കെ യും, 'ബാഗ്' ചിഹ്നത്തിൽ ദൈവിക് ഷൈജുവും 'പേന' ചിഹ്നത്തിൽ മുഹമ്മദ് എൽ കെ യും മത്സരിക്കാൻ പത്രിക സമർപ്പിച്ചു.


27/ 07 ന് നടന്ന സൂക്ഷ്മപരിശോധനയ്ക്കും പത്രിക പിൻവലിക്കലിനും  ശേഷം മൂന്നു സ്ഥാനാർഥികളും വിപുലമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി. തന്റെ അനുയായികൾക്കൊപ്പം മൂന്നുപേരും ഓരോ ക്ലാസിലും കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു. ബാഗും കുടയും പേനയും പോസ്റ്ററുകളും കയ്യിൽ കരുതി  കൂട്ടുകാരെ കാണുമ്പോൾ വീണ്ടും ഓർമ്മിപ്പിച്ച് അവരവരുടെ വോട്ട് ഉറപ്പിച്ചു.


29.07 ന് കൊട്ടിക്കലാശത്തോടെ ഇലക്ഷൻ പ്രചരണം അവസാനിപ്പിച്ചു. തുടർന്നുള്ള ഒരു ദിവസം കുട്ടികൾക്ക് അവരുടെ വിലപ്പെട്ട വോട്ട് ആർക്ക് നൽകണമെന്ന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസരം നൽകി.


01/08/2022 ന് തെരഞ്ഞെടുപ്പ് ദിവസം സ്കൂളിലേക്ക് എത്തുമ്പോൾ മൂന്നു സ്ഥാനാർഥികളുടെയും മുഖത്ത് വിജയപ്രതീക്ഷയുടെ തിളക്കം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അന്നേദിവസം ഹാജരായ 125 കുട്ടികൾക്കും വോട്ട് രേഖപ്പെടുത്താൻ പാകത്തിന് ഒരു പോളിംഗ് ബൂത്ത് സജ്ജീകരിച്ചു.


പ്രിസൈഡിങ്ങ് ഓഫീസറായ ഷാഹുൽ സാജിദിന്റെ നേതൃത്വത്തിൽ മൂന്ന് പോളിംഗ് ഓഫീസറുമാർ അടങ്ങുന്ന ടീം ഡിജിറ്റൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് നിയന്ത്രിച്ചു.


സ്കൂൾ സന്ദർശനത്തിനെത്തിയ ബേക്കൽ AEO സുരേശൻ മാഷിന്റെ സാന്നിധ്യത്തിൽ മൂന്നു സ്ഥാനാർത്ഥിമാരും മോക്ക് പോൾ ചെയ്ത് ഡിജിറ്റൽ വോട്ടിംഗ് മെഷീന്റെ കാര്യക്ഷമത ഉറപ്പുവരുത്തി.

തുടർന്ന് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ തങ്ങളുടെ  സമ്മതിദായക അവകാശം രേഖപ്പെടുത്തി.


ഒന്നാം പോളിങ് ഓഫീസറായ ദേവാഞ്ജന സമ്മതിദായകരുടെ  അഡ്മിഷൻ നമ്പറും പേരും  ഉറക്കെ വായിച്ച് വോട്ടർപട്ടികയിൽ മാർക്ക് ചെയ്തു. രണ്ടാം പോളിങ് ഓഫീസറായ ശിവഗംഗ സ്ലിപ്പ് നൽകി കയ്യിൽ മഷി പുരട്ടുമ്പോൾ ഓരോ കുട്ടി വോട്ടർമാർക്കും എന്തെന്നില്ലാത്ത സന്തോഷം. മൂന്നാം പോളിംഗ് ഓഫീസറായ അവിനാശ് സ്ലിപ് വാങ്ങി വോട്ട് രേഖപ്പെടുത്താൻ അനുവാദം നൽകുമ്പോൾ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെ യും കുഞ്ഞുങ്ങളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം മിന്നിമറഞ്ഞു. 3.40 ഓടെ എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തി. സൗഹൃദപരവും സമാധാനപരമായ രീതിയിൽ വോട്ടിംഗ് നടത്താൻ ബൂത്തിന്റെ സുരക്ഷാ ചുമതലയുള്ള കുട്ടി പോലീസുകാരൻ അംബരീഷും ശ്രദ്ധിച്ചു.


തുടർന്ന് സ്കൂൾ അസംബ്ലി ഹാളിൽ ഒത്തുകൂടിയ കുട്ടി വോട്ടർമാർ ഫലപ്രഖ്യാപനത്തിനായി കാത്തുനിന്നു. മൂന്ന് സ്ഥാനാർത്ഥി മാരുടെയും പ്രഥമാധ്യാപികയുടെയും സാന്നിധ്യത്തിൽ അധ്യാപകനായ ധനുഷ് മാഷ് പോൾ റിസൾട്ട്‌ ബട്ടർ അമർത്തുന്നത് മൂന്നു പേരും ആകാംക്ഷയോടെ നോക്കിനിന്നു. ശേഷം കണ്ട കാഴ്ച്ച സന്തോഷവും നിരാശയും ഇടകലർന്നതായിരുന്നുവെങ്കിലും  പ്രഥമാധ്യാപിക ഫലപ്രഖ്യാപനം നടത്തികഴിഞ്ഞപ്പോൾ വിജയിച്ച കൂട്ടുകാരെ അഭിനന്ദിക്കാനും അവനൊപ്പം സന്തോഷം പങ്കിടാനും മറ്റ് സ്ഥാനാർഥികളും കൂടി.


51 വോട്ടുകൾ നേടി വിജയിച്ച ദേവിക് ഷൈജുവിനെ സ്കൂൾ ലീഡറായി പ്രഖ്യാപിച്ചു. 40 വോട്ടുകൾ നേടി രണ്ടാമതെത്തിയ ശബരീനാഥ് സെക്കൻഡ് ലീഡറും 34 വോട്ടുകൾ നേടിയ മുഹമ്മദ് സ്കൂൾ സ്‌പീക്കറും ആയിരിക്കും.


ഫലപ്രഖ്യാപനത്തിന് ശേഷം പുതിയ സ്കൂൾ ലീഡറെ തോളിലേറ്റി ആഹ്ലാദപ്രകടനവും ജയ് വിളികളും നടക്കുമ്പോൾ മത്സരത്തിനുപരി സൗഹൃദത്തിന്റെയും നിഷ്കളങ്കതയുടയും ആ കാഴ്ച രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ സന്തോഷം നൽകി.

അധ്യാപികമാരായ സുജിത എ വി, വിജിത വി, നൂർജഹാൻ ബി, സൗമിനി എസ്, അസ്മാബി എന്നിവർ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments