ഹണിമൂണിനിടെ കഞ്ചാവ് ലഹരിയില്‍ ഭാര്യയെ കുത്തിക്കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളിയ ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍ ചെന്നൈയ്ക്ക് സമീപം പടിയനെല്ലൂര്‍ സ്വദേശി മദനെയാണ് ചെന്നൈ റെഡ് ഹില്‍സ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിലെ കൈലാസ കൊണ വെള്ളച്ചാട്ടത്തില്‍വെച്ച് ജൂണ്‍ 25-ാം തീയതിയാണ് ഭാര്യ തമിഴ്‌ശെല്‍വി(18)യെ മദന്‍ കൊലപ്പെടുത്തിയതെന്നും കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
ചെന്നൈ പുഴല്‍ സ്വദേശികളായ മാണിക്കം-ബല്‍ക്കീസ് ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ട തമിഴ്‌ശെല്‍വി. പ്രണയത്തിലായിരുന്ന തമിഴ്‌ശെല്‍വിയും മദനും നാലുമാസം മുമ്പാണ് വിവാഹിതരായത്. മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് നവദമ്പതിമാര്‍ ജ്യോതിനഗറിലെ വീട്ടില്‍ താമസവും തുടങ്ങിയിരുന്നു.
എന്നാല്‍ വിവാഹത്തിന് പിന്നാലെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കും തര്‍ക്കങ്ങളും പതിവായിരുന്നു. മദന് ഭാര്യയില്‍ സംശയം തോന്നിത്തുടങ്ങിയതോടെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ജൂണ്‍ 25-ാം തീയതി നവദമ്പതിമാര്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരിന് സമീപമുള്ള കൈലാസ കൊണ വെള്ളച്ചാട്ടത്തിലേക്ക് ഉല്ലാസയാത്ര പോയി. ഇവിടെവെച്ച് ഭാര്യയുമായി വഴക്കുണ്ടായെന്നും തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് മദന്റെ മൊഴി. അതേസമയം, യുവാവ് മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൃത്യം നടത്താനുള്ള കത്തി നേരത്തെ വാങ്ങിവെച്ചിരുന്നതായും പോലീസ് പറഞ്ഞു.
ജൂണ്‍ 23-ന് ശേഷം തമിഴ്‌ശെല്‍വിയെക്കുറിച്ച് വിവരമില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാണിക്കവും ബല്‍ക്കീസും റെഡ് ഹില്‍സ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളെ മൊബൈല്‍ഫോണില്‍ വിളിക്കുമ്പോള്‍ പലകാര്യങ്ങള്‍ പറഞ്ഞ് മദന്‍ ഒഴിഞ്ഞുമാറുകയാണെന്നും ജൂണ്‍ 29-ാം തീയതി നല്‍കിയ പരാതിയില്‍ ഇവര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മദനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
0 Comments