സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് വരുന്ന സ്പീക്കര്‍ എം ബി രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എം ബി രാജേഷിന് എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തദ്ദേശ- എക്‌സൈസ് വകുപ്പുകളായിരിക്കും എം ബി രാജേഷിന് ലഭിക്കുക.
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം ബി രാജേഷിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഒഴിയുമ്പോള്‍ പകരം തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിനെ തല്‍സ്ഥാനത്ത് നിയോഗിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.ഷംസീറിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പറഞ്ഞുകേട്ടിരുന്നു.
തൃത്താലയില്‍ നിന്നുള്ള പ്രതിനിധിയാണ് എം ബി രാജേഷ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാന്‍ രാജിവെച്ച ഒഴിവ് ഇപ്പോള്‍ നികത്താന്‍ സിപിഎം തീരുമാനിച്ചിട്ടില്ല.
0 Comments