നീലേശ്വരം: തെങ്ങിൽ നിന്നു വീണ് നട്ടെല്ല് തകർന്ന് 13 വർഷത്തിലധികമായി കിടപ്പിലായ യുവാവ് വ്രണം ബാധിച്ച് കിടക്കാനോ എണീറ്റിരിക്കാനോ പോലുമാകാതെ ദുരിതത്തിൽ.
കോട്ടപ്പുറം ഉച്ചൂളിക്കുതിര് ചിറമ്മൽ ഹൗസിലെ സി.വിജേഷാണ് (38) ഇതു സംബന്ധിച്ച തുടർ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്. 2009 ഫെബ്രുവരി 15ന് കൊയാമ്പുറത്തുണ്ടായ അപകടത്തെ തുടർന്നാണ് വിജേഷ് കിടപ്പിലായത്. ആകെയുള്ള മൂന്നര സെൻ്റ് സ്ഥലത്തെ കൊച്ചു വീട്ടിൽ അമ്മ വത്സലയ്ക്കൊപ്പമാണ് താമസം. വിജേഷിന് കൂട്ടിരിക്കേണ്ടതിനാൽ ഇവർക്ക് കൂലിവേലയ്ക്ക് പോകാനുമാകുന്നില്ല. കുടുംബത്തിൻ്റെ പ്രയാസമറിഞ്ഞവർ നൽകുന്ന ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റ് കൊണ്ടാണ് ഈ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നത്. അലോപ്പതി, ആയുർവേദം, ഫിസിയോ തെറാപ്പി എന്നിവ മാറി മാറി പരീക്ഷിച്ച് വിജേഷിൻ്റെ ആരോഗ്യം നില നിർത്തി വരുന്നതിനിടെയാണ് നട്ടെല്ലിന് വ്രണം ബാധിച്ചത്. നിത്യജീവിതത്തിന് പോലും വകയില്ലെന്ന സാഹചര്യത്തിൽ ആകെയുള്ള വീടും പുരയിടവും പണയപ്പെടുത്തി തുടർ ചികിത്സ നടത്താനുള്ള ധൈര്യമില്ലെന്ന് വിജേഷും അമ്മ വത്സലയും പറയുന്നു. ഇങ്ങനെയൊരു വിഷമസന്ധിയിൽ ഉദാരമതികൾ നൽകുന്ന സഹായം കൊണ്ട് വിജേഷിനെ ചികിത്സിച്ച്
ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് വത്സല. ഉദാരമതികളുടെ സഹായങ്ങൾ ബാങ്ക് ഓഫ് ബറോഡ നീലേശ്വരം ബ്രാഞ്ചിലെ 68650100003400 നമ്പർ അക്കൗണ്ടിലേക്ക് അയക്കണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു. IFSC CODE: BAROVJNILE 671012017. വിവരങ്ങൾക്ക് ഫോൺ: 9656089956.
0 Comments