അമരാവതി: അനധികൃത ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശിലെ ശാന്തി നഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ലോൺ ആപ്പിൽ നിന്ന് ഈ കുടുംബം മുപ്പതിനായിരം രൂപ വായ്പ എടുത്തിരുന്നു. പതിനായിരം രൂപ കുടുംബം തിരിച്ചടക്കുകയും ചെയ്തു. എന്നാൽ പലിശ വർധിച്ചതോടെ ബാക്കി തുക തിരിച്ചടക്കാൻ സാധിക്കാതെ വന്നു. തുടർന്ന് യുവതിയുടേയും കുട്ടികളുടേയും ചിത്രം മോർഫ് ചെയ്ത് ലോൺ ആപ്പ് സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഘം ഫോട്ടോ വാട്സ്ആപ്പിലൂടെ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽ മനംനൊന്ത് കുടുംബം ജീവനൊടുക്കുകയായിരുന്നു. ദുർഗാ റാവു പെയിന്ററായും ഇയാളുടെ ഭാര്യ രമ്യ ലക്ഷ്മി തയ്യൽ ജോലിയും ചെയ്തുവരികയായിരുന്നു
സെപ്തംബർ 5 ന് പശ്ചിമ ഗോദാവരി ജില്ലയിലെ മൊഗൽത്തൂരിൽ എത്തിയ ദമ്പതികൾ അവിടെയുളള ഒരു ഹോട്ടലിൽ റൂമെടുത്ത് തങ്ങൾ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞു. ബന്ധു ഉടൻ തന്നെ മറ്റ് ബന്ധുക്കളെ വിളിച്ച് ഹോട്ടൽ മുറിയിലെത്തിയപ്പോഴേക്കും അബോധാവസ്ഥയിൽ തറയിൽ കിടക്കുന്ന ദമ്പതികളെയും കുട്ടികളേയുമാണ് കണ്ടത്. തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
0 Comments