മോചനദ്രവ്യം ആവശ്യപ്പെട്ട് എരുമപ്പെട്ടി സ്വദേശിയെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയെന്ന് പരാതി. എരുമപ്പെട്ടി ഐ.ടി.സിക്ക് സമീപം തളികപ്പറമ്പില്‍ പരേതനായ സെയ്‌താലി- ആസിയ ദമ്പതികളുടെ മകന്‍ ഹാരിസി (33) നെയാണ് ഈസ്‌റ്റ് ബംഗാളിലെ അജ്‌ഞാത കേന്ദ്രത്തില്‍ മോഷ്‌ടാക്കള്‍ ബന്ദിയാക്കിയത്. 10 ലക്ഷം രൂപ മോചനദ്രവ്യമാണ് സംഘം ആവശ്യപ്പെടുന്നത്.
ഹാരിസിന്റെ ഫോണില്‍ നിന്നാണ് മോഷണസംഘം ബന്ധുക്കളെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. പിതാവിന്റെ സ്വദേശമായ കര്‍ണാടക ബെല്ലാരിയിലെ ഹോസ്‌പേട്ട കമലാപുരത്ത് സ്വകാര്യ ഇന്റീരിയല്‍ ഡെക്കറേഷന്‍ കമ്പനി നടത്തിവരികയാണ് ഹാരിസ്. മൂന്നുദിവസം മുമ്പാണ് കര്‍ണാടക സ്വദേശിയായ ബന്ധുവുമൊത്ത് ജോലി സംബന്ധമായ ആവശ്യത്തിനായി ഹാരിസ് ബംഗാളില്‍ എത്തിയത്.ഇവിടെനിന്ന് ഒരുസംഘം ഇരുവരേയും തടഞ്ഞുവെച്ച് അജ്‌ഞാത കേന്ദ്രത്തിലേക്കു കൊണ്ടുപോയെന്നാണ് വിവരം.
തന്നെ ഒരു സംഘം ബന്ദിയാക്കിയെന്ന് ഹാരിസ് തന്നെയാണ് വീട്ടുകാരോട് പറഞ്ഞത്. ബംഗാളില്‍നിന്ന് തൊഴിലാളികളെ കൊണ്ടു വരാനായിരുന്നു അവിടേക്കു പോയതെന്ന് ഹാരിസ് വീട്ടുകാരോടു വിശദീകരിച്ചു. തൊഴിലാളികളെ എത്തിച്ചുതരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരു സംഘം മറ്റൊരു താവളത്തില്‍ എത്തിച്ചെന്നാണ് സംശയിക്കുന്നത്.
രണ്ട് പേരേയും ബന്ദിയാക്കിയിരിക്കുകയാണെന്ന് ഹാരിസ് വീട്ടുകാരോട് പറഞ്ഞു. പണം കൊടുത്തില്ലെങ്കില്‍ കൊന്നുകളയും എന്ന് സംഘം ബന്ധുക്കളോട് ഫോണില്‍ അറിയിച്ചു. പണമാവശ്യപ്പെട്ട് മോഷ്‌ടാക്കള്‍ തന്നെ മര്‍ദിക്കുന്നതായി ഹാരിസും വീട്ടുകാരെ ഫോണില്‍ അറിയിച്ചു.എരുമപ്പെട്ടി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments