കാസര്‍കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജില്ലയില്‍ വീണ്ടും പോസ്റ്റര്‍. കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കളെ സുരേന്ദ്രന്‍ സംരക്ഷിക്കുന്നുവെന്നാണ് പോസ്റ്ററിലെ ആരോപണം. കാസര്‍കോട് നഗരത്തിലും കുമ്പളയിലും പരിസരപ്രദേശങ്ങളിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്, പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും വരെ പോരാടുക' എന്നാണ് കെ സുരേന്ദ്രന്റെ ചിത്രത്തോടൊപ്പം പോസ്റ്ററില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് കുമ്പളയില്‍ ബിജെപി പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ സുരേന്ദ്രന്‍ എത്താനിരിക്കെയാണ് വിമര്‍ശനം.
ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഐഎം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷനാക്കാന്‍ ബിജെപി പിന്തുണ നല്‍കിയതിനെതിരെ ജില്ലയില്‍ ഒരു വിഭാഗം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ട് സുരേന്ദ്രനെതിരെ പരസ്യമായ ഉപരോധവും നടന്നിരുന്നു. മുന്‍ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെയും ജില്ലയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
0 Comments